< Back
Entertainment
ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ,കണ്ടു നിന്നവരെപ്പോലും കണ്ണീരണിയിച്ച് ജോജു ജോർജ് - വീഡിയോ
Entertainment

'ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ',കണ്ടു നിന്നവരെപ്പോലും കണ്ണീരണിയിച്ച് ജോജു ജോർജ് - വീഡിയോ

Web Desk
|
11 Feb 2022 12:36 PM IST

ജോജുവിനെ പ്രധാന കഥാപാത്രമാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ

അഭിനയത്തിലൂടെ മലയാള സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് ജോജു ജോർജ്.വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി തുടർന്ന താരം ഏറെ കഷ്ടപ്പെട്ടാണ് മലയാളത്തിലെ മുൻനിര താരമാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ജോജു ജോർജിൻെ ഗംഭീര പ്രകടനമാണ്. ഷൂട്ടിങ് കാണാൻ എത്തിയവരെപ്പോവും കരയിക്കുന്ന തരത്തിലുള്ള താരത്തിന്റെ അഭിനയമാണ് വിഡിയോയിലുള്ളത്.

ജോജുവിനെ പ്രധാന കഥാപാത്രമാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ജോജുവിന്റെ അഭിനയം കണ്ട് കണ്ണീരണിയുന്ന അഖിലിനെയും കാണാം.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം

ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തു എന്നും ഞാൻ പിന്നീട് ഒരു യാത്രയിൽ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു.

'എടാ ഒരാൾ താടിയും മുടിയും ഒക്കെ വളർത്തി, ഒരു ഭ്രാന്തനെ പോലെ നടക്കണമെങ്കിൽ അയാൾ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു കാണണം. ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ. ദാ ഒന്ന് കണ്ണടച്ചാൽ മതി, എനിക്ക് ഒരു നൂറു വിഷമങ്ങൾ ഒരേ സമയം ഓർക്കാൻ.'

അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ശരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു. ചിലരെ പ്രകൃതി അനുഭവങ്ങൾ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യൻ ആണ്..

അനുഭവങ്ങളുടെ തീച്ചൂളയിൽ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ശുദ്ധൻ അല്ലെങ്കിൽ ജോജു ചേട്ടന്റെ തന്നെ ഭാഷയിൽ പൊട്ടൻ.

Similar Posts