< Back
Entertainment
വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിച്ചെടികൾ തണലാവുന്നു; നോവുന്ന കുറിപ്പുമായി കലാഭവൻ നവാസിന്‍റെ മക്കൾ

 Photo| Facebook

Entertainment

'വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിച്ചെടികൾ തണലാവുന്നു'; നോവുന്ന കുറിപ്പുമായി കലാഭവൻ നവാസിന്‍റെ മക്കൾ

Web Desk
|
10 Nov 2025 10:42 AM IST

അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചിക്കമ്പുകൾ ഓർത്തത്‌

കൊച്ചി: പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വിയോഗം ജീവിതകാലം മുഴുവൻ തീരാവേദനയായിരിക്കും. കാലമെത്രെ കഴിഞ്ഞാലും അവരെക്കുറിച്ചുള്ള ഓര്‍മകൾ വേദനിപ്പിച്ചുകൊണ്ടിരിക്കും. നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്‍റെ വിയോഗം തീര്‍ത്ത സങ്കടത്തിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല അദ്ദേഹത്തിന്‍റെ കുടുംബം. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകൾ മക്കൾ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നവാസ് ജൂലൈ 30ന് രാത്രി 11 മണിക്ക് പാടി ഭാര്യ രഹനക്ക് അയച്ചുകൊടുത്ത വീഡിയോയാണ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇത് വാപ്പിച്ചി ജൂലൈ 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്. ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്. വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട് പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന്‌ ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു.

അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചിക്കമ്പുകൾ ഓർത്തത്‌. ആഗസ്ത് 8ന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ നടാൻ കൊടുത്തുവിട്ടു. അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Similar Posts