< Back
Entertainment
വിജയിച്ചത് നീതിയും അർപ്പുതാമ്മാളിന്‍റെ പോരാട്ട സമാനമായ സ്വഭാവവും; പേരറിവാളന്‍റെ മോചനത്തില്‍ കമല്‍ഹാസന്‍
Entertainment

"വിജയിച്ചത് നീതിയും അർപ്പുതാമ്മാളിന്‍റെ പോരാട്ട സമാനമായ സ്വഭാവവും"; പേരറിവാളന്‍റെ മോചനത്തില്‍ കമല്‍ഹാസന്‍

ijas
|
18 May 2022 3:51 PM IST

"പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നു"

രാജീവ്ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പേരറിവാളന്‍ മോചിതനായതില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന്‍. വിജയിച്ചത് നീതിയും പേരറിവാളന്‍റെ അമ്മ അര്‍പ്പുതാമ്മാളിന്‍റെ പോരാട്ട സമാനമായ സ്വഭാവവുമാണെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണെന്നും ഇപ്പോഴെങ്കിലും ഇത് അവസാനിച്ചതിൽ സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.

കമല്‍ ഹാസന്‍റെ ട്വീറ്റ്:

ജീവപര്യന്തത്തേക്കാൾ നീണ്ട 31 വർഷങ്ങൾ. ഇപ്പോഴെങ്കിലും അത് അവസാനിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സർക്കാരുകൾ പന്താടിയ അന്തരീക്ഷത്തിൽ, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്‍റെ അമ്മ അർപ്പുതാമ്മാളിന്‍റെ പോരാട്ട സമാനമായ സ്വഭാവവുമാണ്.

1991 മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അന്ന് 19 വയസ്സ് പ്രായമുള്ള പേരറിവാളനെ ജൂൺ 11 ന് സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് 2017ല്‍ അന്വേഷണ സംഘാംഗം ത്യാഗരാജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.ചോദ്യം ചെയ്യലിനിടെ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നതായും എന്നാല്‍ പ്രതിയുടെ കുറ്റസമ്മതമൊഴിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ താന്‍ മനപ്പൂര്‍വ്വം ആ മൊഴി രേഖകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ത്യാഗരാജന്‍റെ വെളിപ്പെടുത്തല്‍.

Kamal Haasan in the release of Perarivalan

Similar Posts