< Back
Entertainment
kangana ranaut
Entertainment

'സ്ത്രീ പുരുഷന് തുല്യയല്ല; തുല്യത മണ്ടന്മാരുടെ തലമുറയെ സൃഷ്ടിക്കുന്നു’; വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്

Web Desk
|
14 July 2025 9:02 AM IST

ലിംഗസമത്വം എന്ന ആശയം തന്നെ തെറ്റാണെന്നുമാണ് കങ്കണ പറഞ്ഞത്

ഷിംല: വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും നിറഞ്ഞു നിൽക്കുന്ന എംപിയാണ് മാണ്ഡിയിലെ ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. കങ്കണ ഈയിടെ നൽകിയ അഭിമുഖവും വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. സ്ത്രീ ഒരിക്കലും പുരുഷന് തുല്യമല്ലെന്നും ലിംഗസമത്വം എന്ന ആശയം തന്നെ തെറ്റാണെന്നുമാണ് കങ്കണ പറഞ്ഞത്.

എല്ലാവരും തുല്യരാണെന്ന് ലോകം ചിന്തിക്കാൻ തുടങ്ങിയതിലൂടെ നമ്മള്‍ മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണ് എന്നും ടൈംസ് നൗ ചാനലിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. അംബാനി തനിക്ക് സമമല്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. ''മാധ്യമ മേഖലയിൽ എന്നേക്കാൾ പരിചയം നിങ്ങൾക്കുണ്ട്. പക്ഷേ, കലയുടെ കാര്യത്തിൽ നിങ്ങള്‍ എനിക്കു തുല്യയല്ല , ഞാൻ എന്‍റെ അമ്മയ്ക്കു തുല്യയല്ല, അംബാനിക്കു തുല്യയല്ല , അദ്ദേഹം എനിക്കു തുല്യനല്ല. കാരണം എനിക്ക് നാല് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. നമുക്ക് എല്ലാവരിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും” കങ്കണ അഭിമുഖത്തിൽ മാധ്യമപ്രവർത്തകനോട് പറഞ്ഞു.

ഒരു കുട്ടി ഒരു സ്ത്രീക്കു തുല്യയല്ല . സ്ത്രീ പുരുഷനു തുല്യയല്ല . ഒരു പുരുഷന്‍ കുടുംബത്തിലെ മുതിർന്ന ആൾക്ക് തുല്യനല്ല. നമ്മളെല്ലാവർക്കും ഓരോ രീതിയുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. തുല്യത മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുന്നു. അവർ എല്ലാം തികഞ്ഞവരാണെന്നും അറിവുള്ളവാരണെന്നും കരുതുന്നു, കങ്കണ കൂട്ടിച്ചേര്‍ത്തു.

Similar Posts