< Back
Entertainment
കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം
Entertainment

കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം

Web Desk
|
14 Jun 2021 3:20 PM IST

അപകടത്തില്‍ സാരമായി പരിക്കേറ്റ വിജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് (38) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് അദ്ദേഹത്തിന്‍റെ തലയ്ക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

ബംഗളൂരു എല്‍.ആന്‍ഡ്.ടി സൗത്ത് സിറ്റിയിലെ ജെ.പി നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് വിജയ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ബൈക്ക് റോഡില്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പൊലീസ് അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുടെ സുഹൃത്ത് നവീനും പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതേസമയം, വിജയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

'നാനു അവനല്ല അവളു' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. സിനിമാരംഗത്തെ പ്രമുഖർ വിജയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Similar Posts