< Back
Entertainment
കാന്താര ഓസ്കറിന്? ഋഷഭ് ഷെട്ടിയുടെ പ്രതികരണം ഇങ്ങനെ...
Entertainment

കാന്താര ഓസ്കറിന്? ഋഷഭ് ഷെട്ടിയുടെ പ്രതികരണം ഇങ്ങനെ...

Web Desk
|
1 Nov 2022 12:54 PM IST

കാന്താര ഒരുക്കുമ്പോൾ ഒരിക്കലും ഇത്രത്തോളം വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു

ബെംഗളൂരു: ഋഷഭ് ഷെട്ടിയുടെ കരിയറില്‍ മാത്രമല്ല, കന്നഡ സിനിമയില്‍ തന്നെ ഒരു റെക്കോഡ് ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥപറച്ചിലാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. കാണുന്നവരെല്ലാം ചിത്രത്തെക്കുറിച്ച് അനുകൂല കുറിപ്പുകളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. കാന്താരയെ ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ഋഷഭ്.

ആരാധകരുടെ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഋഷഭ്. കാന്താര ഒരുക്കുമ്പോൾ ഒരിക്കലും ഇത്രത്തോളം വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ കാന്താര കന്നഡ സിനിമാ വ്യവസായത്തിൽ നിന്നുള്ള ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ആണ്. സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഇത് അക്കാദമി അവാർഡിന് പരിഗണിക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആവശ്യങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഋഷഭ് ഷെട്ടി ഇടൈംസിനോട് പറഞ്ഞു."ഞാൻ അതിനോട് പ്രതികരിക്കുന്നില്ല. അതിനെക്കുറിച്ചുള്ള 25000 ട്വീറ്റുകൾ ഞാൻ കണ്ടു. അതെന്നെ സന്തോഷിപ്പിക്കുന്നു, പക്ഷേ ഞാൻ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. കാരണം ഞാൻ ഇതിന്‍റെ വിജയത്തിനുവേണ്ടിയല്ല പ്രവർത്തിച്ചത്. ഞാൻ എന്‍റെ ജോലി ചെയ്യുകയായിരുന്നു. അത്രമാത്രം," ഋഷഭ് പറഞ്ഞു.

"എനിക്കറിയില്ല. അത് സംഭവിച്ചു. സിനിമയ്‌ക്ക് ഒരു പ്രത്യേക ഊർജമുണ്ട്, സിനിമയിൽ നമ്മുടെ സംസ്‌കാരത്തെയും നാടോടിക്കഥകളെയും കുറിച്ച് സംസാരിച്ചു. ദൈവാനുഗ്രഹത്താല്‍ അത് പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യാന്‍ കഴിഞ്ഞു.'' ചിത്രത്തിന്‍റെ ബോക്സോഫീസ് വിജയത്തെക്കുറിച്ചുള്ള ഷെട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര. കെജിഎഫ് 2, ആർആർആർ, പൊന്നിയിൻ സെൽവൻ I, വിക്രം, ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നിൽ ഏഴാമതാണ് കാന്താര. ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനായ ചിത്രം. അദ്ദേഹം തന്നെ ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Similar Posts