< Back
Entertainment
Kichcha Sudeep

കിച്ച സുദീപ്

Entertainment

9 കോടി പ്രതിഫലമായി വാങ്ങി, സിനിമ ചെയ്യാതെ കബളിപ്പിക്കുന്നു; കിച്ച സുദീപിനെതിരെ കന്നഡ നിര്‍മാതാവ്

Web Desk
|
4 July 2023 11:48 AM IST

സുദീപിന്‍റെ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ളയാളാണ് കുമാര്‍

ബെംഗളൂരു: കന്നഡ താരം കിച്ച സുദീപ് പ്രതിഫലം വാങ്ങിയ ശേഷം സിനിമ ചെയ്യാതെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നിര്‍മാതാവ് എം.എന്‍ കുമാര്‍. 9 കോടിയിലധികം രൂപ പ്രതിഫലമായി വാങ്ങിയെന്നും എന്നാല്‍ ഇനിയും ഡേറ്റ് നല്‍കിയിട്ടില്ലെന്നും കുമാര്‍ പറഞ്ഞു. സുദീപിന്‍റെ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ളയാളാണ് കുമാര്‍.


കർണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. “ഇതുവരെ അദ്ദേഹത്തിന്‍റെ നാല് സിനിമകൾ ഞാൻ നിർമ്മിച്ചിട്ടുണ്ട്. മുകുന്ദ മുരാരി ആയിരുന്നു അവസാന ചിത്രം. അതിനു ശേഷം ഞങ്ങൾ മറ്റൊരു സിനിമയുടെ ചർച്ച നടത്തി.സുദീപായിരുന്നു നായകന്‍. ഇതിനോടകം തന്നെ പ്രതിഫലം മുഴുവന്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ ഡേറ്റ് നല്‍കിയിട്ടില്ല. ഞാൻ സുദീപ്ന് 9 കോടി രൂപ നൽകി. അദ്ദേഹത്തിന്‍റെ അടുക്കളയുടെ നിര്‍മാണത്തിനായി 10 ലക്ഷം രൂപ പോലും നൽകി. കൂടാതെ സംവിധായകൻ നന്ദ കിഷോറിന് അഡ്വാൻസും നൽകി മുട്ടാട്ടി സത്യരാജു ഫിലിം ചേമ്പറിൽ രജിസ്റ്റർ ചെയ്ത ചിത്രത്തിന്‍റെ ടൈറ്റിൽ വാങ്ങി.എന്നാല്‍ ഇപ്പോള്‍ ഒരു തമിഴ് നിര്‍മാതാവിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സുദീപ്. കൊടിഗൊബ്ബ 3, പൈൽവാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം എന്‍റെ സിനിമ തുടങ്ങുമെന്ന് ഉറപ്പ് നൽകിയെങ്കിലും അത് നടന്നില്ല. പിന്നീട് ഓരോ കാരണം പറഞ്ഞ് ചിത്രം ഒഴിവാക്കുകയായിരുന്നു'' കുമാര്‍ പറയുന്നു.



തന്‍റെ ഫോണ്‍കോളുകള്‍ സ്വീകരിക്കാറില്ലെന്നും ഫോണ്‍ നമ്പര്‍ പോലും മാറ്റിയെന്നും കുമാര്‍ ആരോപിച്ചു. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയെങ്കിലും സുദീപ് അവിടെയുണ്ടായിരുന്നില്ല. ഫിലിം ചേംബർ വഴി പോലും അദ്ദേഹത്തിലേക്കെത്താൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ ഇക്കാര്യം ഇപ്പോൾ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്‍റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സുദീപ് ആശയവിനിമയം നടത്തിയാല്‍ പ്രശ്നങ്ങള്‍‌ പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്'' നിര്‍മാതാവ് പറയുന്നു. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാപ്പ് പറയാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനകം സുദീപ് പ്രതികരിച്ചില്ലെങ്കിൽ അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിര്‍മാതാവ് അറിയിച്ചു.



Similar Posts