< Back
Entertainment
കിംഗ് ഖാൻ ചിത്രം ജവാൻ കോപ്പിയടി; ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ
Entertainment

കിംഗ് ഖാൻ ചിത്രം 'ജവാൻ' കോപ്പിയടി; ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ

Web Desk
|
5 Nov 2022 7:46 PM IST

2006 ൽ പുറത്തിറങ്ങിയ പേരരസ് എന്ന ചിത്രം കോപ്പിയടിച്ചതാണ് എന്നാണ് ആരോപണം

ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകന്‍ ആറ്റ്ലി ഒരുക്കുന്ന 'ജവാന്‍' സിനിമക്കെതിരെ മോഷണമാരോപണം. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നിർമാതാവായ മാണിക്യം നാരായണൻ ആണ് പരാതി നൽകിയത്. 'പേരരസ്' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ആറ്റ്ലി 'ജവാൻ' എഴുതിയത് എന്നാണ് നിർമാതാവിന്‍റെ ആരോപണം. നവംബര്‍ ഏഴിന് ശേഷം പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസില്‍ അറിയിച്ചു.

'ജവാനില്‍' ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. 'പേരരസിലും' അതിലെ നായക കഥാപാത്രമായ വിജയകാന്ത് ഇരട്ടവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. 2006ലാണ് 'പേരരസ്' റിലീസ് ചെയ്തത്. ബാല്യകാലത്ത് പിരിഞ്ഞുപോകുന്ന ഇരട്ട സഹോദരങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 'പേരരസിന്‍റെ' കഥ. ജവാനില്‍ ഷാരൂഖ് ഖാന്‍ സൈനിക വേഷത്തിലാണ് എത്തുന്നത്.

അതെ സമയം 'ജവാന്‍റെ' ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ വിജയ്‍യുമായി മൂന്ന് ബ്ലോക് ബസ്റ്ററുകള്‍ ഒരുക്കിയ ആറ്റ്ലി 'ജവാനിലും' സൂപ്പര്‍ താരത്തിന് നിര്‍ണായക വേഷം നല്‍കിയിട്ടുണ്ട്. വിജയ് സേതുപതി 'ജവാനിലെ' വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. ദീപിക പദുകോണും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോ​ഗി ബാബു, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്.

'ജവാന്‍റെ' ഒടിടി സ്ട്രീമിം​ഗ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. അടുത്ത വര്‍ഷം ജൂലൈയിൽ 'ജവാൻ' പ്രേക്ഷർക്ക് മുന്നിലെത്തും.

Similar Posts