< Back
Entertainment
kireedam

കിരീടം

Entertainment

കിരീടത്തിന്‍റെ റീമേക്കുകള്‍ പരാജയപ്പെടാന്‍ കാരണം; വെളിപ്പെടുത്തലുമായി നിര്‍മാതാക്കള്‍

Web Desk
|
12 July 2023 10:18 AM IST

ഒരു സിനിമ ജനങ്ങള്‍ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം

കിരീടത്തിലെ സേതുമാധവന്‍...നഷ്ടങ്ങളുടെ രാജകുമാരന്‍...മലയാളിയെ ഇത്രയേറെ നൊമ്പരപ്പെടുത്തിയ മറ്റൊരു നായകനുണ്ടാകില്ല. ഇത്രയേറെ വേദനിപ്പിച്ച അച്ഛനും മകനുമുണ്ടാകില്ല... എല്ലാം നഷ്ടപ്പെട്ട് പിന്തിരിഞ്ഞുപോലും നോക്കാതെ നടന്നുപോകുന്ന സേതുവും കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി എന്ന പാട്ടും മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ജൂലൈ 7ന് പുറത്തിറങ്ങിയ കിരീടം ആ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. എം.ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു.

മലയാളത്തില്‍ ഏറെ ജനപ്രീതി നേടിയ ചിത്രം ആറു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നെങ്കിലും അവയെല്ലാം പരാജയങ്ങളായിരുന്നു. അതിന്‍റെ കാരണം വ്യക്തമാക്കുകയാണ് സിനിമയുടെ നിര്‍മാതാക്കളായ എന്‍.ഉണ്ണിക്കൃഷ്ണനും (കിരീടം ഉണ്ണി), ദിനേശ് പണിക്കറും. കേരള ന്യൂസ് ഇന്റര്‍നാഷണല്‍ എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സിനിമയുടെ ലൊക്കേഷനുകളിലൊന്നായ കിരീടം പാലത്തിലിരുന്നാണ് രണ്ട് പേരും സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. ''ഒരു സിനിമ ജനങ്ങള്‍ ഇത്രമാത്രം ഹൃദയത്തിലേറ്റിയെന്നതാണ് കിരീടത്തെ സംബന്ധിച്ചുള്ള ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എത്രയോ സിനിമകള്‍ അതിന് ശേഷം എടുത്തിട്ടുണ്ടെങ്കിലും കിരീടത്തിന് ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്നു ചെങ്കോല്‍. പക്ഷെ ചെങ്കോലിന് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യത കിരീടത്തിന് ലഭിച്ചിരുന്നു. കിരീടം എന്ന സിനിമ അത്രമാത്രം ജനങ്ങളിലേക്ക് കയറിയിരുന്നു. ആ കഥാബിന്ദുവായിരുന്നു അതിന്റെ പ്രധാന കാരണം.'' ഉണ്ണിയും ദിനേശും പറയുന്നു.



കിരീടം മറ്റു നിരവധി ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം കിരീടം റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തിലേതു പോലുള്ളൊരു വിജയം അവിടങ്ങളില്‍ ഉണ്ടായിട്ടില്ല. തമിഴില്‍ അജിത്തായിരുന്നു കിരീടത്തില്‍ അഭിനയിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. അവര്‍ സബ്ജക്ടില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. നമ്മുടെ ക്ലൈമാക്‌സ് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അത് കൊണ്ടാണ് മാറ്റങ്ങള്‍ വരുത്തിയത്. മലയാളം കിരീടത്തില്‍ മോഹന്‍ലാലിന്റെ സേതുമാധവന്‍ എന്ന കഥാപാത്രം അവസാനം എല്ലാം തകര്‍ന്നവനാണ്.

ജീവിതം നഷ്ടപ്പെട്ടുപോകുന്നവനാണ്. അത് മോഹന്‍ലാലിന്റെ കരിയറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചര്‍ച്ചകളൊക്കെ അന്നുണ്ടായിരുന്നു. അതിനെയെല്ലാം ഓവര്‍കം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത്. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. ആ ക്ലൈമാക്‌സിന് മലയാളത്തില്‍ ലഭിച്ചതുപോലുള്ള സ്വീകാര്യത മറ്റു ഭാഷകളിലുണ്ടായിട്ടില്ല. സേതുമാധവന്‍ അതിമാനുഷ്യനായി എല്ലാവരെയും ഇടിച്ചിടുന്ന ഒരു കഥാപാത്രമായിരുന്നില്ല. അങ്ങനെയുള്ള സേതുമാധവനെ ആയിരുന്നില്ല നമുക്ക് വേണ്ടത്. സേതുമാധവന്‍ ഒരു സാധാരണ മനുഷ്യനാണ്. അത് നമ്മുടെ നാടിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് ഇഷ്ടമായത്. മറ്റുള്ള ഭാഷകളില്‍ അവിടുത്തെ പശ്ചാത്തലത്തില്‍ ആ കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ ചെയ്തത്. അതായിരുന്നു പ്രധാന വ്യത്യാസവും'- നിർമാതാക്കൾ പറഞ്ഞു.

നിരവധി സിനിമകളില്‍ കരാറൊപ്പിട്ടതുകൊണ്ട് കിരീടത്തില്‍ അഭിനയിക്കാന്‍ തിലകന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. കഥാപാത്രം ഇഷ്ടമല്ലാത്തതുകൊണ്ടല്ല, ഒരേ സമയം മൂന്നു സിനിമകളൊക്കെയാണ് അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്നത്. ..അദ്ദേഹം പറഞ്ഞു.



Related Tags :
Similar Posts