< Back
Entertainment
Anand TV Film Awards

അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന്

Entertainment

മികച്ച താരങ്ങളായി ടൊവിനോയും മഞ്ജുവും കുഞ്ചാക്കോയും; വേദിയെ ഇളക്കി മറിച്ച് മമ്മൂട്ടി; വീഡിയോ

Web Desk
|
10 July 2023 12:01 PM IST

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ നന്ന ആനന്ദ് ടിവി ഫിലിം അവാര്‍ഡ് ദാന ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളും സംഭാഷങ്ങളുമൊക്കെയായി സമ്പന്നമായിരുന്നു വേദി. മികച്ച നടനും നടിക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചത് മമ്മൂട്ടിയായിരുന്നു. അതു തന്നെയായിരുന്നു അവാര്‍ഡ് ദാന ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ബേസില്‍ ജോസഫിന്‍റെ 'മിന്നല്‍ മുരളിയിലെ' അഭിനയത്തിന് ടൊവിനോക്കും മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് ലഭിച്ചു. "മികച്ച നടനിൽ നിന്ന് തന്നെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു. നിങ്ങൾ സർവം സമർപ്പിക്കുമ്പോൾ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കും," അവാര്‍ഡ് സ്വീകരിക്കുന്നതിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ കുറിച്ചു. ഒപ്പം മമ്മൂട്ടിക്കൊപ്പം ഡാന്‍സ് കളിക്കുന്നതിന്‍റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ, “മികച്ച വീഡിയോ. ഇഷ്‌ടപ്പെട്ടു'' എന്നാണ് കുറിച്ചത്.

അവാര്‍ഡ് സമ്മാനിക്കുന്നതിനു മുന്‍പ് മമ്മൂട്ടി തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളെ കുറിച്ചുള്ള വീഡിയോ ടൊവിനോ ട്വിറ്ററില്‍ പങ്കുവച്ചു. “ജീവിതം വളരെ ക്രേസിയാണ്. മമ്മൂക്കയിൽ നിന്ന് അവാർഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിച്ച അവിശ്വസനീയമായ നിമിഷം . അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. അതെന്‍റെ ജീവിതത്തിലുടനീളം ഞാന്‍ കൊണ്ടുപോകും. 2021-ലെ മികച്ച നടനുള്ള അവാർഡിന് എന്നെ പരിഗണിച്ച ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ആക്കിയ എല്ലാവർക്കും നന്ദി.'' ടൊവിനോ കുറിച്ചു.

ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, മേരി ആവാസ് സുനോ എന്നിവയിലെ പ്രകടനത്തിനാണ് മഞ്ജു വാര്യര്‍ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ജോജു ജോര്‍ജ്,സുരാജ് വെഞ്ഞാറമ്മൂടി, അപര്‍ണ ബാലമുരളി, രമേശ് പിഷാരടി, വിനീത് ശ്രീനിവാസന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാവരും ചേര്‍ന്ന് മമ്മൂട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Similar Posts