< Back
Entertainment
Laapataa Ladies
Entertainment

'ലാപതാ ലേഡീസ്' ഇന്ന് സുപ്രിം കോടതിയില്‍ പ്രദര്‍ശിപ്പിക്കും; ചിത്രം കാണാന്‍ ചീഫ് ജസ്റ്റിസും ആമിര്‍ ഖാനും

Web Desk
|
9 Aug 2024 10:41 AM IST

കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്

ഡല്‍ഹി: വന്‍താരനിരകളോ ആരവങ്ങളോ ഇല്ലാതെ വന്ന് മുഴുവന്‍ പ്രക്ഷേകരെയും കയ്യിലെടുത്ത ബോളിവുഡ് ചിത്രം 'ലാപതാ ലേഡീസ്' ഇന്ന് സുപ്രിം കോടതിയില്‍ പ്രദര്‍ശിപ്പിക്കും. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും. പ്രശസ്ത നടനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ ആമിര്‍ ഖാനും സംവിധായക കിരണ്‍ റാവുവും സ്ക്രീനിംഗില്‍ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15മുതല്‍ 6.20 വരെയായിരിക്കും പ്രദര്‍ശനം.

കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ ഒടിടിയിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭാഷാഭേദമന്യേ ലാപതാ ലേഡീസിനെ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് കിരണ്‍ റാവു ചിത്രമൊരുക്കിയത്. ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഫൂല്‍ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുന്ന കണ്ണാടിയായിരുന്നു ചിത്രം.

നിതാൻഷി ഗോയൽ , പ്രതിഭ രന്ത , സ്പർശ് ശ്രീവാസ്തവ , ഛായ കദം , രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Similar Posts