< Back
Entertainment
സ്റ്റൈൽ മന്നനൊപ്പം ലാലേട്ടൻ
Entertainment

സ്റ്റൈൽ മന്നനൊപ്പം ലാലേട്ടൻ

Web Desk
|
8 Jan 2023 2:14 PM IST

ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക

തെന്നിന്ത്യൻ മെഗാ സ്റ്റാർ രജനികാന്തിന്‍റെ പുതിയ ചിത്രമായ 'ജയിലറി'ൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് ഇരുവരും സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്. ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജനുവരി 8, 9 തീയതികളിൽ 'ജയിലർ' എന്ന ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ജയിലർ'.

രജനികാന്ത് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ അധോലോക നായകനായാണ് മോഹൻലാൽ എത്തുന്നത്. സിനിമയുടെ ഭൂരിഭാഗവും ജയിലിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ പല ഹിറ്റു സിനിമകള്‍ക്കും വഴി തെളിച്ച നെൽസൺ ദിലീപ്കുമാർ ആണ് 'ജയിലർ'സംവിധാനം ചെയ്തിരിക്കുന്നത്. സൺ ഫിലിംസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൃഷ കൃഷ്ണൻ, ഐശ്വര്യ റായ്, യോഗി ബാബു, വിനായകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് 'ജയിലർ'. മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന എലോൺ ആണ് ഇനി മോഹൻലാലിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Similar Posts