< Back
Entertainment
35 ദിവസം, 1.18 കോടി പ്രേക്ഷകർ, 50000 ഷോകൾ;  ചരിത്രം കുറിച്ച്  ലോക
Entertainment

35 ദിവസം, 1.18 കോടി പ്രേക്ഷകർ, 50000 ഷോകൾ; ചരിത്രം കുറിച്ച് 'ലോക'

Web Desk
|
2 Oct 2025 11:05 AM IST

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രം കൂടിയാണ് ലോകയെന്ന് അണിയറ പ്രവര്‍ത്തകര്‍

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" 290 കോടിക്ക് മുകളിൽ ആഗോള കലക്ഷന്‍ കുതിപ്പ് തുടരുന്നു. മലയാള സിനിമയിൽ മറ്റ് രണ്ട് ഓൾ ടൈം റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തിൽ കണ്ടത്. കൂടാതെ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായും ലോക മാറി. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നത്. ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം വിജയം കുറിച്ചു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ സ്വന്തമാക്കിയ മലയാള ചിത്രം കൂടിയാണ് ലോകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും "ലോക" സ്വന്തമാക്കിയിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് "ലോക".

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ക ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ " ലോക ചാപ്റ്റർ 2" അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസാണ് രണ്ടാം ഭാഗത്തിലെ നായകൻ.

Similar Posts