< Back
Entertainment
ഭാവാഭിനയം? മൊണ്ണ വേഷവും?; ആസിഫ് അലിക്കെതിരായ വിമര്‍ശനത്തില്‍ മാലാ പാര്‍വതി
Entertainment

"ഭാവാഭിനയം? മൊണ്ണ വേഷവും?"; ആസിഫ് അലിക്കെതിരായ വിമര്‍ശനത്തില്‍ മാലാ പാര്‍വതി

Web Desk
|
29 Dec 2022 7:07 PM IST

മന:പൂർവ്വം ഒരു താരത്തെ താറടിച്ച് കാണിക്കാൻ എഴുതുന്ന കുറിപ്പുകൾ വല്ലാതെ സങ്കടമുണ്ടാക്കുമെന്ന് മാലാ പാര്‍വതി

നടന്‍ ആസിഫ് അലിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. കാപ്പ സിനിമയിലെ താരത്തിന്‍റെ അഭിനയത്തെ ഇകഴ്ത്തിയുള്ള കുറിപ്പിനാണ് മറുപടിയുമായി നടി എത്തിയത്. ആസിഫ് അലിയെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടതായും അത് വായിച്ചപ്പോൾ വലിയ വിഷമം തോന്നിയതായും മാല പാര്‍വതി പറയുന്നു. ഒരു നടനെ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച് ആരും "മൊണ്ണ" ആകുന്നില്ലെന്നും ആസിഫ് അലി ഒരു ഗംഭീര നടനാണെന്നും അവര്‍ പറഞ്ഞു. കഥാപാത്രത്തിൻ്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. 'ഉയരെ' എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശ, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം ആസിഫിന്‍റെ കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു.

ആസിഫ് അലിയോടൊപ്പം 'കെട്ട്യാളാണ് എൻ്റെ മാലാഖ'യില്‍ അഭിനയിച്ചിരുന്നതായും ആ സെറ്റിൽ എവിടെയും ആസിഫിനെ കണ്ടില്ല പകരം സ്ലീവാച്ചനെയാണ് കണ്ടതെന്നും മാല പാര്‍വതി പറയുന്നു. സ്ലീവാച്ചനും "ഭാവാഭിനയം" വേണ്ട കഥാപാത്രം തന്നെയായിരുന്നു. ഒരു സിനിമയിൽ, ഒരു നടനെ കാണുമ്പോൾ തന്നെ സിനിമ ബോറാകും എന്ന് വിധി എഴുതുന്നെങ്കിൽ അത് ശരിയായ വിധി എഴുത്തല്ല. ആ വിമർശനത്തിന് പക്ഷപാതമുണ്ട്. മന:പൂർവ്വം ഒരു താരത്തെ താറടിച്ച് കാണിക്കാൻ എഴുതുന്ന കുറിപ്പുകൾ വല്ലാതെ സങ്കടമുണ്ടാക്കുമെന്നും മാലാ പാര്‍വതി കുറിപ്പില്‍ പറയുന്നു.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

"ഭാവാഭിനയം ??? മൊണ്ണ വേഷവും??? "

ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം.

"വിചാരിച്ചത്രയും നന്നായില്ല", മഹാബോറഭിനയം, "ഭാവം വന്നില്ല " ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ ഒരു ചിത്രത്തിൽ ഒരു നടൻ, അല്ലെങ്കിൽ നടി നല്ലതാകുന്നതിൻ്റെയും, മോശമാകുന്നതിൻ്റെയും പിന്നിൽ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കൾക്ക്, കഥാപാത്രത്തെ ഉൾക്കൊള്ളാൻ സമയം വേണ്ടി വരും. അവർ, പല തവണ സ്ക്രിപ്റ്റ് വായിച്ചും, എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി മാറുന്നത്. എന്നാൽ മറ്റ് ചിലർ, വെറും ഒരു ക്രാഫ്റ്റ് എന്ന നിലയ്ക്ക്, അഭിനയം എന്ന കലയെ കൈകാര്യം ചെയ്യാറുണ്ട്. എന്നാൽ മിക്ക സിനിമകളിലും, അവർ ഏതാണ്ട് ഒരേ പോലെയാവും അഭിനയിക്കുക. അതൊരു കരവിരുതാണ്. അതിനപ്പുറം, പ്രേക്ഷകൻ്റെ മനസ്സിനെ അത് സ്പർശിക്കാറില്ല. പലപ്പോഴും, കണ്ട് വരുന്ന ഒരു കാര്യം, ഒരു കഥാപാത്രത്തെ, സിനിമയിൽ അവതരിപ്പിക്കേണ്ടത് എങ്ങനെ എന്ന് സംവിധായകനും ഒരു കാഴ്ചപ്പാടുണ്ടാകും. അത് ചിലപ്പോൾ അഭിനേതാവിൻ്റെ സമീപനവുമായി ചേരണമെന്നില്ല. അഭിനേതാവിൻ്റെ മനസ്സും, സംവിധായകൻ്റെ മനസ്സും ഒന്നായി തീരുമ്പോൾ മാത്രമേ കഥാപാത്രം സിനിമയിൽ ശോഭിക്കുകയുള്ളു. ഒന്നോ രണ്ടോ സിനിമയിൽ, ഒരു നടനെ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്, ആരും "മൊണ്ണ" ആകുന്നില്ല. ആസിഫ് അലി എന്ന നടനെ കുറിച്ച് വൈറലായി എന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് കണ്ടു. എനിക്ക് വലിയ വിഷമം തോന്നി അത് വായിച്ചപ്പോൾ.

ആസിഫ് അലി ഒരു ഗംഭീര ആക്ടർ ആണ്. കഥാപാത്രത്തിൻ്റെ മനസ്സിനെ ഉൾക്കൊള്ളാൻ ആസിഫിന് പ്രത്യേകമായ ഒരു കഴിവുണ്ട്. 'ഉയരെ' എന്ന ചിത്രത്തിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. നിരാശത, പ്രേമം, കൊതി, അസൂയ, വിരഹം, പക, സംശയം ഇവയെല്ലാം, കണ്ണുകളിൽ മിന്നി മാഞ്ഞ് കൊണ്ടിരുന്നു.

ആസിഫ് അലിയോടൊപ്പം കെട്ടിയോളാണെൻ്റെ മാലാഖയിലാണ് ഞാൻ അഭിനയിച്ചത്. ആ സെറ്റിൽ എവിടെയും വച്ച് ഞാൻ ആസിഫിനെ കണ്ടില്ല. കണ്ടത് സ്ലീവാച്ചനെയാണ്. സ്ലീവാച്ചനും "ഭാവാഭിനയം " വേണ്ട കഥാപാത്രം തന്നെയായിരുന്നു. ഒരു സിനിമയിൽ, ഒരു നടനെ കാണുമ്പോൾ തന്നെ, സിനിമ ബോറാകും എന്ന് വിധി എഴുതുന്നെങ്കിൽ, അത് ശരിയായ വിധി എഴുത്തല്ല. പക്ഷപാതമുണ്ട് ആ വിമർശനത്തിന്.

മന:പൂർവ്വം താറടിച്ച് കാണിക്കാൻ, എഴുതുന്ന കുറിപ്പുകൾ. വല്ലാതെ സങ്കടമുണ്ടാക്കും. നല്ല നടൻ ചിലപ്പോൾ മോശമായി എന്ന് വരാം. എന്നാൽ ചില നടന്മാർ ഒരിക്കലും നന്നാവുകയുമില്ല, മോശമാവുകയുമില്ല. ഒരു മിനിമം ഗ്യാരൻ്റി അഭിനയം കാഴ്ചവെയ്ക്കും. ചിലർക്കിതാണ് അഭിനയത്തിൻ്റെ മാനദണ്ഡം. അത് എല്ലാവരുടെയും അളവ് കോൽ അല്ല. യുവനടന്മാരിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിട്ടാണ് ആസിഫ് അലിയെ ഞാൻ കണക്കാക്കുന്നത്. ഒരു ഉഗ്രൻ നടൻ!

എല്ലാ സിനിമകളിലും അയാൾ തിളങ്ങുന്നില്ലെങ്കിൽ, അയാൾ ആ കലയോട് നീതി പുലർത്തുന്നു എന്ന് വേണം മനസ്സിലാക്കാൻ. കരവിരുത് എന്നതിനപ്പുറം, അഭിനയത്തെ ഒരു കലയായി കാണുന്നത് കൊണ്ടാകാം ഈ ഏറ്റകുറച്ചിലുകൾ. ആ സത്യസന്ധത ഉള്ളത് കൊണ്ട്, അയാൾ ഇടയ്ക്ക് അത്ഭുതങ്ങളും കാട്ടും. ആസിഫ് അലി എന്ന നടനെ തള്ളി കളയാനാവില്ല. ഋതു മുതൽ അയാൾ ചെയ്ത ചിത്രങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അത് ബോധ്യപ്പെടും. പ്രശസ്ത നാടകകൃത്ത് സി.ജെ.തോമസ് പറഞ്ഞിട്ടുള്ളത്, ഈ സന്ദർഭത്തിൽ ഓർത്ത് പോകുന്നു."ആ മനുഷ്യൻ, നീ തന്നെ" എന്ന സി.ജെയുടെ നാടകത്തിൽ

ദാവീദ് പറയുന്നത് പോലെ. ഒരു പ്രതിഭയുടെ പ്രഭാവ കാലത്തിൽ, അയാൾ ഇടവിട്ടേ ജീവിക്കുന്നൊളളു"

Similar Posts