< Back
Entertainment
പ്രശസ്ത നടനും മഹേഷ് ബാബുവിന്‍റെ പിതാവുമായ കൃഷ്ണ അന്തരിച്ചു
Entertainment

പ്രശസ്ത നടനും മഹേഷ് ബാബുവിന്‍റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

Web Desk
|
15 Nov 2022 4:08 PM IST

അഞ്ചു പതിറ്റാണ്ടുകളായി നീണ്ടുനിന്ന തന്‍റെ അഭിനയ ജീവിതത്തില്‍ കൃഷ്ണ 350ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടനും മഹേഷ് ബാബുവിന്‍റെ പിതാവുമായ കൃഷ്ണ അന്തരിച്ചു. 79 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഘട്ടമനേനി ശിവ രാമ കൃഷ്ണ മൂർത്തി എന്നാണ് കൃഷ്ണയുടെ മുഴുവൻ പേര്. അഞ്ചു പതിറ്റാണ്ടുകളായി നീണ്ടുനിന്ന തന്‍റെ അഭിനയ ജീവിതത്തില്‍ കൃഷ്ണ 350ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനെന്‍റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം ഉണ്ടാവുകയും നില വഷളാവുകയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. തേനെ മനസുലു' (1965) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കൃഷ്ണ പിന്നീട് 'ഗുഡാചാരി 116' എന്ന ചിത്രത്തിലൂടെ സൂപ്പർ താരമായി. തെലുങ്ക് സിനിമയിൽ നിരവധി പരീക്ഷണങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിച്ച നടനാണ് കൃഷ്ണ. മാധ്യമങ്ങള്‍ സൂപ്പര്‍താരമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

തന്‍റെ പ്രൊഡക്ഷൻ ഹൗസായ 'പത്മലയ സ്റ്റുഡിയോസി'നു കീഴിൽ ഏതാനും സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്തിട്ടുമുണ്ട്. 2009ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിജയ നിർമലയ്‌ക്കൊപ്പം 48-ലധികം ചിത്രങ്ങളിലും ജയപ്രദയ്‌ക്കൊപ്പം 47 ചിത്രങ്ങളിലും ഒരേ നടിയ്‌ക്കൊപ്പം ജോടിയായി അഭിനയിച്ചതിന്‍റെ റെക്കോർഡും കൃഷ്ണയുടെ പേരിലാണ്.


ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്‍മാരായ മഹേഷ് ബാബു, രമേഷ് ബാബു, മുന്‍നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍. 1967 ല്‍ സാക്ഷി എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി വിജയ നിര്‍മലയുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയനിര്‍മലയില്‍ ജനിച്ച മകനാണ്. കൃഷ്ണയുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു, സിനിമാരംഗത്തെ പ്രമുഖര്‍ എന്നിവര്‍ അനുശോചിച്ചു.

Similar Posts