< Back
Entertainment
Mahesh Kunjumon comeback video after car accident, Malayalam mimicry artist Mahesh Kunjumon, Mahesh Kunjumon accident

സ്‍പൂഫ് വിഡിയോയില്‍ മഹേഷ് കുഞ്ഞുമോന്‍

Entertainment

കമോൺ ഡ്രാ മഹേഷേ... വീണ്ടും ഞെട്ടിച്ച് മഹേഷ് കുഞ്ഞുമോൻ; തിരിച്ചുവരവ് ഏറ്റെടുത്ത് ആരാധകര്‍

Web Desk
|
30 Aug 2023 9:33 AM IST

വീട്ടിൽ വെറുതെ ഇരുന്നപ്പോള്‍ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കുകയായിരുന്നുവെന്ന് മഹേഷ്

കോഴിക്കോട്: വാഹനാപകടത്തെ തുടർന്നു ചികിത്സയില്‍ തുടരുന്നതിനിടെ ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോയുമായാണ് മഹേഷ് തിരിച്ചെത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവച്ച് വിഡിയോ മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

രണ്ടു മാസമായി വീട്ടിൽ തന്നെയാണെന്നും കുറേനാളുകൾക്കുശേഷമാണ് വിഡിയോയുമായി വരുന്നതെന്നും 'മഹേഷ് മിമിക്‌സ്' എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മഹേഷ് പറഞ്ഞു. പരിപാടിയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകളുണ്ട്. അതിനുമുൻപ് ഒരു വിഡിയോയുമായി വരാമെന്നു കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പഴയ ഐറ്റങ്ങളെല്ലാം വെറുതെ ചെയ്തുനോക്കാറുണ്ടായിരുന്നുവെന്നും മഹേഷ് വെളിപ്പെടുത്തി. പതുക്കെ ആരോഗ്യം തിരിച്ചെടുത്തുകൊണ്ടിരിക്കുകയാണെന്ന സന്തോഷവും അദ്ദേഹം വിഡിയോയിൽ പങ്കുവച്ചു. എല്ലാവർക്കും ഓണാശംസയും നേർന്നു. ഇത്തവണ ജയിലർ സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട് വിനായകൻ, ബാല, സന്തോഷ് വർക്കി എന്നിവരെ വച്ചുള്ള സ്പൂഫുമായാണ് മഹേഷ് എത്തിയിട്ടുള്ളത്.

ഇതാണു യഥാർത്ഥ തിരിച്ചുവരവെന്നാണു പ്രേക്ഷകർ പ്രതികരിക്കുന്നത്. മഹേഷിന്റെ കഴിവിനെ ഒരു അപകടത്തിനും കൊണ്ടുപോകാൻ കഴിയില്ലെന്നും ആരാധകർ. മിമിക്രിയിൽ എതിരാളികളില്ലാത്ത രാജാവാണ് മഹേഷ്. ഈ തിരിച്ചുവരവ് കേരളമൊന്നടങ്കം സന്തോഷത്തോടെയാകും കാണുകയെന്നും പ്രതികരണങ്ങൾ പോകുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനു പുലർച്ചെ തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് മഹേഷിനു ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിൽ സീരിയൽ-സിനിമ താരം കൊല്ലം സുധി മരിച്ചിരുന്നു. കോഴിക്കോട് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങുംവഴി ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നടൻ ബിനു അടിമാലിക്കും ഡ്രൈവർ ഉല്ലാസ് അരൂരിനും പരിക്കേറ്റു.

Summary: Malayalam mimicry artist Mahesh Kunjumon makes a great comeback after being under treatment for two months following a car accident.

Similar Posts