< Back
Entertainment
നന്ദി പ്രിയ ശ്രീനി...ഒരുപാട് ചിരിപ്പിച്ചതിന് ...ചിന്തിപ്പിച്ചതിന്..
Entertainment

നന്ദി പ്രിയ ശ്രീനി...ഒരുപാട് ചിരിപ്പിച്ചതിന് ...ചിന്തിപ്പിച്ചതിന്..

Web Desk
|
20 Dec 2025 9:21 AM IST

അദ്ദേഹത്തിന്‍റെ തൂലികയിൽ വിരിഞ്ഞ കുറിക്കുകൊള്ളുന്ന ഡയലോഗുകൾ ഇപ്പോഴും മലയാളികളുടെ നിത്യജീവിതത്തിലൂടെ എപ്പോഴും കയറിയിറങ്ങിക്കൊണ്ടിരിക്കുന്നതാണ്

കൊച്ചി: സിനിമകളിലൂടെ വെറുതെ ചിരിപ്പിക്കുകയായിരുന്നില്ല ശ്രീനിവാസൻ. ഓരോ ഡയലോഗുകളിലൂടെയും ചിന്തിപ്പിക്കുക കൂടി ചെയ്തു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ശ്രീനി കൈവച്ച മേഖലകളിലെല്ലാം ഒരു ശ്രീനിവാസൻ ടച്ചുണ്ടായിരുന്നു. മലയാള സിനിമയിലെ പകരക്കാരനില്ലാത്ത കലാകാരൻ എന്ന് പറഞ്ഞാൽ അത് ശ്രീനിയുടെ കാര്യത്തിൽ പൂര്‍ണമായും ശരിയാണ്.

അദ്ദേഹത്തിന്‍റെ തൂലികയിൽ വിരിഞ്ഞ കുറിക്കുകൊള്ളുന്ന ഡയലോഗുകൾ ഇപ്പോഴും മലയാളികളുടെ നിത്യജീവിതത്തിലൂടെ എപ്പോഴും കയറിയിറങ്ങിക്കൊണ്ടിരിക്കുന്നതാണ്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ശ്രീനി അരങ്ങേറ്റം കുറിക്കുന്നത്.കഴിഞ്ഞ നാല് പതിറ്റാണ്ടായി എഴുത്തുലോകത്ത് ശ്രീനിവാസനുണ്ട്. ആദ്യകാലത്ത് ചെറിയ വേഷങ്ങളായിരുന്നു സിനിമയിൽ ലഭിച്ചത്. തിരക്കഥാകൃത്തിന്‍റെ കുപ്പായമണിഞ്ഞതോടെ അതിന് മാറ്റം സംഭവിച്ചു. പ്രിയദര്‍ശനും സത്യൻ അന്തിക്കാടിനുമൊപ്പം കൂടിയപ്പോഴെല്ലാം മലയാളിക്ക് കിട്ടിയത് എക്കാലത്തും ഓര്‍മയിൽ സൂക്ഷിക്കാനാകുന്ന ചിത്രങ്ങളായിരുന്നു. താൻ തിരക്കഥയെഴുതിയ ചിത്രങ്ങളിലെല്ലാം കോമഡി വേഷങ്ങളോ നെഗറ്റീവ് റോളുകളുമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്‍മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾ ശ്രീനിവാസൻ എന്ന പേര് സ്ക്രീനിൽ തെളിയുന്ന ഉറപ്പുകൾ ആയിരുന്നു. കേവലം തമാശപ്പടങ്ങൾ ആയിരുന്നില്ല അവയൊന്നും. അക്കാലത്തെ തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും വരച്ചിടുന്ന ചിത്രങ്ങളായിരുന്നു അവ. വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട്...ശ്രീനി പൊട്ടിച്ചിരിപ്പിച്ച ചിത്രങ്ങൾ ക്ലാസികുകളായിരുന്നു.

വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും ശ്രീനിവാസന്‍റെ സംവിധാന മികവിൽ വിരിഞ്ഞ ചിത്രങ്ങളായിരുന്നു. സത്യനും പ്രിയനുമായി ചേര്‍ന്നൊരുക്കിയ ചിത്രങ്ങളൊന്നും ഫാന്‍റസികളായിരുന്നില്ല. ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഏടുകളായിരുന്നു.

Related Tags :
Similar Posts