
ഫാൽക്കെ നേട്ടത്തിൽ മോഹൻലാലിന് മമ്മൂട്ടിയുടെ അഭിനന്ദനം; 'പേട്രിയറ്റ്' സെറ്റിൽ അവിസ്മരണീയ മുഹൂർത്തം
|ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്.
കൊച്ചി: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റി'ന്റെ സെറ്റിൽ വെച്ചായിരുന്നു അവിസ്മരണീയ മുഹൂർത്തം. പൂക്കൂട നല്കിയ മമ്മൂട്ടി, മോഹൻലാലിനെ ഷാൾ അണിയിക്കുകയും ചെയ്തു.
ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ 'പേട്രിയറ്റി'ന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന് മമ്മൂട്ടിയുടെ അഭിനന്ദനമെത്തുകയും ചെയ്തു.
സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, സി.ആർ.സലിം,ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, എസ്.എൻ.സ്വാമി,കന്നഡ നടൻ പ്രതീഷ് ബലവാടി,ക്യാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ 'പേട്രിയറ്റി'ൽ ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ,നയൻതാര,രേവതി,ദർശന രാജേന്ദ്രൻ,സെറിൻ ഷിഹാബ്,ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്,യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്.
മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും കുഞ്ചാക്കോ ബോബനുമാണ് ഈ ഷെഡ്യൂളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ളത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.