< Back
Entertainment
Mammootty, Kannur Squad, Mammootty Kampany, Wayanad, മമ്മൂട്ടി, വയനാട്, കണ്ണൂര്‍ സ്ക്വാഡ്, മമ്മൂട്ടി കമ്പനി
Entertainment

മമ്മൂട്ടി ഇന്ന് മുതല്‍ വയനാട്ടില്‍; 'കണ്ണൂര്‍ സ്ക്വാഡ്' പൂര്‍ത്തിയാക്കും

Web Desk
|
9 March 2023 6:28 PM IST

'കണ്ണൂര്‍ സ്ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണത്തിനായി മമ്മൂട്ടി വയനാട്ടിലെത്തി. വയനാട്ടില്‍ പന്ത്രണ്ട് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുക. ഇതോടെ കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും.

പാല, എറണാകുളം എന്നിവിടങ്ങളിലായിരുന്നു കണ്ണൂര്‍ സ്ക്വാഡിന്‍റെ ആദ്യ ഷെഡ്യൂള്‍. പിന്നീട് പൂനെയിലും ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു. ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന 'കണ്ണൂര്‍ സ്ക്വാഡില്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. വിജയരാഘവന്‍, സണ്ണി വെയ്ന്‍, റോണി ഡേവിഡ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്ക്വാഡ്'. എസ്.ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് കഥ. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹകനായ റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കണ്ണൂര്‍ സ്ക്വാഡ്'. ദീര്‍ഘ കാലം റോബിയുടെ അസിസ്റ്റന്‍റായിരുന്ന മുഹമ്മദ് റാഹിലാണ് ആദ്യ സംവിധാന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റോബിയും സഹോദരനും നടനുമായ റോണി ഡേവിഡും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കും. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം.

Similar Posts