< Back
Entertainment
പേടിച്ചോ? സുമ്മാ നടിപ്പ് താ...; അഭിനയം കണ്ട് പേടിച്ച് കാമറാമാൻ, ആശ്വസിപ്പിച്ച് മമ്മൂട്ടി
Entertainment

'പേടിച്ചോ? സുമ്മാ നടിപ്പ് താ...'; അഭിനയം കണ്ട് പേടിച്ച് കാമറാമാൻ, ആശ്വസിപ്പിച്ച് മമ്മൂട്ടി

Web Desk
|
4 March 2024 9:50 PM IST

കണ്ണൂർ സ്ക്വാഡ‍ിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോയാണ് മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

നവാ​ഗതനായ റോബി വർ​ഗീസ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. 2023 സെപ്തംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വീഡിയോ കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. കണ്ണൂർ സ്ക്വാഡ‍ിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോയാണ് മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിലെ നിർണായക രംഗങ്ങളുടെ ചിത്രീകരണവും ആർട്ട് വർക്കുമൊക്കെയാണ് വീഡിയോയിലുള്ളത്. ചിത്രീകരണ സമയത്ത് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമിടയിലെ രസകരമായ ചില നിമിഷങ്ങളും കോർത്തിണക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആരാധകരെ ചിരിപ്പിക്കുന്നതാണ് ക്ലൈമാക്സ് രംഗത്തിന്റെ ഷൂട്ടിങ് സമയത്തെ ഒരു സംഭവം. മമ്മൂട്ടിയുടെ തകർപ്പൻ ഡയലോഗും പ്രകടനവും കണ്ട് കാമറമാൻ തന്നെ പേടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്. ശേഷം അദ്ദേഹത്തെ മമ്മൂട്ടി തന്നെ സമാധാനിപ്പിക്കുന്നുമുണ്ട്. 'സുമ്മാ നടിപ്പ് താൻ...' എന്നാണ് മമ്മൂട്ടി പതറിപ്പോയ കാമാറാമാനോട് പറയുന്നത്.

മമ്മൂട്ടിക്കൊപ്പം റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ തുടങ്ങി വൻ താരനിരയാണ് കണ്ണൂർ സ്ക്വാഡിൽ അണിനിരന്നത്. കണ്ണൂരിലെ ഒരുസംഘം പൊലീസുകാരുടെ ജീവിതാനുഭവമാണ് സിനിമയായത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. റോബി വർഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രം നിർമിച്ചത്.

Similar Posts