< Back
Entertainment
വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം കലൂര്‍ ഡെന്നീസിന്‍റെ മകന്‍ ഡിനൊ ഡെന്നീസ്
Entertainment

വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം കലൂര്‍ ഡെന്നീസിന്‍റെ മകന്‍ ഡിനൊ ഡെന്നീസ്

ijas
|
2 Jun 2022 2:48 PM IST

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്‍റെ മകന്‍ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

'സിബിഐ 5 ദ ബ്രെയിന്‍' സിനിമക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടുമൊരു ത്രില്ലര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്‍റെ മകന്‍ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. ബിഗ്‌ ബഡ്ജറ്റ് ആയി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് തിയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ ആണ് പ്രൊജക്ട് ഡിസൈനർ. പൃഥ്വിരാജ് ചിത്രം 'കാപ്പ', ടോവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങൾക്കുശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ആണ് മമ്മൂട്ടിയുടേതായി ചിത്രീകരണം തുടരുന്ന ചിത്രം. സൈക്കോ ത്രില്ലര്‍ ചിത്രമായാണ് റോഷാക്ക് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ റിലീസിന് കാത്തിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍റെ സംവിധാനത്തിലുള്ള ബിഗ് ബജറ്റ് ചിത്രം, എം.ടിയുടെ തിരക്കഥയില്‍ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ സിനിമ എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി ചിത്രീകരിക്കാനിരിക്കുന്നത്. പുഴുവാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Mammootty with another thriller; Directed by Dino Dennis, son of Kaloor Dennis

Similar Posts