< Back
Entertainment
Abraham Osler, Midhun Manuel Thomas, Jayaram,Theni Easwar, Midhun Mukundan, ജയറാം, മിഥുന്‍ മാനുവല്‍ തോമസ്, തേനി ഈശ്വര്‍, മിഥുന്‍ മുകുന്ദന്‍, Mammootty, മമ്മൂട്ടി
Entertainment

അബ്രഹാം ഓസ്‍ലറില്‍ ജയറാമിനൊപ്പം മമ്മൂട്ടിയും; പതിനഞ്ച് മിനുറ്റ് അതിഥി വേഷം

Web Desk
|
21 May 2023 10:53 AM IST

മമ്മൂട്ടിയും ജയറാമും മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നത് ആദ്യമായാണ്

ജയറാം നായകനായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലറില്‍ മമ്മൂട്ടിയും. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുക. നിര്‍ണായക കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും പ്രേക്ഷകരെ ആവേശഭരിതരാക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും ജയറാമും മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നത് ആദ്യമായാണ്. അര്‍ത്ഥം, ധ്രുവം, കനല്‍ക്കാറ്റ്, ട്വന്‍റി 20 എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിയും ജയറാമും ഇതിന് മുമ്പ് ഒന്നിച്ചത്. അബ്രഹാം ഓസ്‍ലറിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ആരംഭിച്ചു.

മെഡിക്കല്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ്‍ലറെയാണ് ജയറാം അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുഗിലും സജീവ സാന്നിധ്യമായി നിലകൊളളുന്ന ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്‍റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഡി.സി.പി അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രത്തിലൂടെ. നേരമ്പോക്കിന്‍റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു മരണത്തിന്‍റെ അന്വേഷണം ജില്ലാ പൊലീസ് കമ്മീഷണര്‍ അബ്രഹാം ഓസ്‍ലറിലൂടെ നടത്തുകയാണ് ചിത്രം. ക്രൈം ത്രില്ലറിന്‍റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ചിത്രത്തിന്‍റെ അവതരണം.

അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീതം-മിഥുന്‍ മുകുന്ദ്, ഛായാഗഹണം-തേനി ഈശ്വര്‍, എഡിറ്റിങ്-സൈജു ശ്രീധര്‍, കലാസംവിധാനം-ഗോകുല്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍-പ്രശാന്ത് നാരായണന്‍. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

Similar Posts