
'സൈയ്യാര' കാണാൻ കൈയിൽ ഐവി ഡ്രിപുമായി യുവാവ് തിയേറ്ററിൽ; മൂന്ന് ദിവസത്തിനുള്ളിൽ 100 കോടി കടന്ന് ചിത്രം
|കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ പെൺകുട്ടി തിയേറ്ററിൽ തലകറങ്ങി വീണിരുന്നു
മുംബൈ:പുതുമുഖങ്ങളായ അഹാൻ പാണ്ഡെയെയും അനീത് പാഡ് ഡെയെയും പ്രധാന കഥാപാത്രമാക്കി മോഹിത് സൂരിയുടെ സംവിധാനം ചെയ്ത 'സൈയ്യാര' ബോക്‌സ്ഓഫീസിൽ വൻചലനങ്ങളാണുണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനകം തന്നെ 100 കോടി ക്ലബിലാണ് സിനിമ ഇടം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചിത്രം കാണാൻ പല തിയേറ്ററുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇപ്പോഴിതാ കൈയിൽ ഐവി ഡ്രിപുമായി സിനിമ കാണാനെത്തിയ യുവാവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. കലാകാരനെന്ന് അവകാശപ്പെടുന്ന ഫൈസൻ എന്നയാളാണ് ആശുപത്രിക്കിടക്കയിൽ നിന്ന് തിയേറ്ററിലെത്തിയത്. സുഹൃത്തിനൊപ്പമാണ് യുവാവ് സിനിമ കണ്ടത്. ഇതിന്റെ വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. അതേസമയം, യുവാവിന്റെ പ്രവൃത്തിക്കെതിരെ സമ്മിശ്രപ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ആരോഗ്യത്തെ ശ്രദ്ധിക്കാതെ സിനിമ കാണാനെത്തിയ യുവാവിനെ ചിലർ വിമർശിക്കുമ്പോൾ അയാളുടെ സിനിമാ ആരാധനയെ അഭിനന്ദിച്ചാണ് മറ്റ് ചിലരുടെ കമന്റ്.
കഴിഞ്ഞദിവസം സിനിമ കാണാനെത്തിയ പെൺകുട്ടി തിയേറ്ററിൽ തലകറങ്ങി വീണിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ജൂലൈ 18 ന് പുറത്തിറങ്ങിയ 'സൈയ്യാര' നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. സാധാരണ ഹിന്ദി സിനിമകളുടെ റിലീസിന് മുമ്പ് വൻരീതിയിലുള്ള പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്..എന്നാൽ സൈയ്യാരയുമായി ബന്ധപ്പെട്ട് അഹാൻ പാണ്ഡെയെയും അനീത് പാഡ് ഡെയോ ഒരു മാധ്യമങ്ങൾക്കും മുന്നിലും പ്രത്യക്ഷപ്പെടുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. Gen Z പ്രേക്ഷകർക്കിടയിൽ സിനിമ വലിയ ചലനമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമ കണ്ട് കരയുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന നിരവധി വിഡിയോകളും പ്രചരിക്കുന്നുണ്ട്.