
'സ്ത്രീക്ക് ബഹുമാനം കിട്ടാത്ത ഇൻഡസ്ട്രിയിൽ ഇനിയില്ല'; ബോളിവുഡില്‍ അഭിനയിക്കില്ലെന്ന് നടി മന്ദന കരീമി
|ഗുരുതരമായ ആരോപണങ്ങളാണ് സാജിദ് ഖാനെതിരെ മന്ദന ഉന്നയിച്ചിരുന്നത്.
മുംബൈ: സംവിധായകൻ സാജിദ് ഖാനെതിരെയുള്ള മിടൂ ആരോപണത്തിൽ ബോളിവുഡ് ഉപേക്ഷിച്ച് ഇറാനിയൻ നടി മന്ദന കരീമി. സാജിദ് ഖാനെ ബിഗ് ബോസ് 16 റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് മന്ദനയുടെ തീരുമാനം. ഹിന്ദുസ്ഥാൻ ടൈംസ് ആണ് നടിയുടെ തീരുമാനം റിപ്പോർട്ടു ചെയ്തത്.
'ഞാനിനി ഓഡീഷനൊന്നും പോകുന്നില്ല. സ്ത്രീകൾക്ക് ബഹുമാനം കിട്ടാത്ത ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ചെറിയ ജീവിതത്തിൽ ആരോടും ഒത്തുതീർപ്പിന് പോകേണ്ട ആവശ്യമില്ല. ജീവിതം എന്നെ എവിടെ എത്തിക്കുന്നു എന്ന് കാണാം' - അവർ പറഞ്ഞു. ഏഴു മാസമായി ഒരു ബോളിവുഡ് പ്രൊജക്ടിലും ജോലി ചെയ്യുന്നില്ലെന്നും മന്ദന കൂട്ടിച്ചേർത്തു.
ഗുരുതരമായ ആരോപണങ്ങളാണ് സാജിദ് ഖാനെതിരെ മന്ദന ഉന്നയിച്ചിരുന്നത്. ഹംഷകൽസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് 2014ലായിരുന്നു ദുരനുഭവമെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
''സാജിദ് ഖാന്റെ ഹംഷകലിന്റെ കാസ്റ്റിങ് ഘട്ടത്തിൽ ഒരു ചർച്ചയിലായിരുന്നു ഞാൻ. ഞാനും എന്റെ മാനേജറും അദ്ദേഹത്തിന്റെ ഓഫീസിലെത്തി. നിർമാതാവ് വഷു ഭഗ്നാനിയെ കണ്ട ശേഷം സാജിദിന്റെ മുറിയിലെത്തി. 'മനോഹരമായ ചിത്രങ്ങൾ. എന്നാൽ നിങ്ങൾക്ക് വസ്ത്രമഴിക്കേണ്ടി വരും. ഞാൻ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ചിത്രത്തിന്റെ ഭാഗമാകാം'' എന്നാണ് അയാൾ പറഞ്ഞത്.' - എന്നിങ്ങനെയാണ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നത്.
സൽമാൻ ഖാൻ അവതാരകനായ ബിഗ്‌ബോസിന്റെ ഒമ്പതാം സീസണിലെ മത്സരാർത്ഥിയായിരുന്നു മന്ദന. ശിവം നായർ സംവിധാനം ചെയ്ത ഭാഗ് ജോണിയിലൂടെ 2015ലാണ് മന്ദന ബോളിവുഡിൽ അരങ്ങേറിയത്. ഇറാനിലെ തെഹ്‌റാനിൽ ജനിച്ച ഇവർ പിന്നീട് ഇന്ത്യയിലേക്ക് താമസമാക്കുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ഥാർ ആണ് നടിയുടെ അവസാന ചിത്രം.