< Back
Entertainment
മണിരത്നത്തിന് കോവിഡ്; ആശുപത്രിയില്‍
Entertainment

മണിരത്നത്തിന് കോവിഡ്; ആശുപത്രിയില്‍

Web Desk
|
19 July 2022 10:18 AM IST

മണിരത്നത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതര്‍ ഉടൻ പുറത്തുവിടും

ചെന്നൈ: പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മണിരത്നത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതര്‍ ഉടൻ പുറത്തുവിടും. ഭാര്യയും നടിയുമായ സുഹാസിനി അദ്ദേഹത്തിന്‍റെ രോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പങ്കുവച്ചിട്ടില്ല. നിലവില്‍ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

ജൂലൈ എട്ടിന് നടന്ന പൊന്നിയിൻ സെൽവന്‍റെ ടീസർ ലോഞ്ചിൽ അടുത്തിടെ മണിരത്‌നം പങ്കെടുത്തിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായിരുന്നു സംവിധായകൻ. കല്‍ക്കിയുടെ പ്രശസ്ത നോവലായ പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കുക എന്നത് മണിരത്നത്തിന്‍റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 10 വര്‍ഷത്തിനു ശേഷം ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ആദ്യഭാഗം വിവിധ ഭാഷകളിലായി സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തും.

വിക്രം, ഐശ്വര്യറായ്, തൃഷ, കാര്‍ത്തി,ജയം രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം. ശരത് കുമാര്‍, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Related Tags :
Similar Posts