
മമ്മൂട്ടി-യൂസഫലി Photo| Instagram
സ്വന്തം കാമറയിൽ യൂസഫലിയുടെ ചിത്രം പകര്‍ത്തി മമ്മൂട്ടി; ലണ്ടനിൽ വീണ്ടും കണ്ടുമുട്ടി സുഹൃത്തുക്കൾ
|ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വച്ചായിരുന്നു പതിവ് സൗഹൃദ കൂടിക്കാഴ്ച
ലണ്ടൻ: മെഗാ സ്റ്റാര്‍ മമ്മൂട്ടിയും മലയാളിയായ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയും ലണ്ടനിൽ വീണ്ടും കണ്ടുമുട്ടി.ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വച്ചായിരുന്നു പതിവ് സൗഹൃദ കൂടിക്കാഴ്ച.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പാട്രിയറ്റിന്റെ' (Patriot) ഷൂട്ടിങ്ങിനായാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. അതേസമയം അവധിയാഘോഷിക്കാനായാണ് യൂസഫലിയും കുടുംബവും ലണ്ടനിലെത്തിയത്. ലൊക്കേഷനിലെ തിരക്കിനിടയിലും മമ്മൂട്ടി യൂസഫലിയുമായി സൗഹൃദം പങ്കിടാൻ സമയം കണ്ടെത്തുകയായിരുന്നു. ഒരുമിച്ച് ഇരുവരും ഏറെനേരം ചെലവഴിച്ചു. തുടർന്ന് മമ്മൂട്ടി തൻ്റെ കാമറയിൽ പ്രിയപ്പെട്ട യൂസഫലിയുടെ ഫോട്ടോകളെടുക്കാനും മറന്നില്ല.
ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.'കേരളത്തിന്‍റെ അഭിമാന താരങ്ങൾ ഒറ്റ ഫ്രെമിൽ, മലയാളത്തിന്റെ മണിമുത്തുകൾ ,ഇക്ക അങ്ങനെ പിക് എടുക്കുന്നെങ്കിൽ ആ മനുഷ്യൻ ആരായിരിക്കും' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. യൂസഫലിയുടെ സഹോദരന്‍ എം.എ അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു.