< Back
Entertainment
മിഷന്‍ സി ട്രെയിലര്‍; കൈയ്യടി നേടി കൈലാഷിന്‍റെ പ്രകടനം
Entertainment

'മിഷന്‍ സി' ട്രെയിലര്‍; കൈയ്യടി നേടി കൈലാഷിന്‍റെ പ്രകടനം

Web Desk
|
4 Jun 2021 6:41 PM IST

അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്.

റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ നടന്‍ കൈലാഷിന്‍റെ പ്രകടനം ചര്‍ച്ചയാകുന്നു. യുവതാരം അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. ഓടുന്ന ബസ്സില്‍ നിന്നുള്ള സാഹസിക രംഗങ്ങളടക്കം കൈലാഷിന്‍റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. താരത്തിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് കൂടിയാകും മിഷന്‍ സിയെന്നാണ് വിലയിരുത്തല്‍.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തനിക്ക് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേതെന്ന് കൈലാഷ് പറഞ്ഞു. ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷമാണ് ചിത്രത്തില്‍ കൈലാഷ് കൈകാര്യം ചെയ്യുന്നത്. ഈ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണെന്നും അത് വലിയൊരു ഉത്തരവാദിത്വമാണെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരാണ് മിഷന്‍ സിയുടെ സംവിധായകന്‍. തീവ്രവാദികള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അവരെ രക്ഷപ്പെടുത്താനുള്ള പോലീസുകാരുടെയും കമാന്‍റോകളുടെയും സാഹസിക പ്രവര്‍ത്തനങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

അപ്പാനി ശരത്ത്, മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ബാലാജി ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. എം. സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് മിഷന്‍ സി നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ പി.ആര്‍ സുമേരന്‍.

Related Tags :
Similar Posts