
'തെറ്റിദ്ധരിക്കപ്പെട്ടു'; വർഗീയ പരാമർശ വിവാദത്തിൽ മൗനം വെടിഞ്ഞ് എ.ആർ റഹ്‌മാൻ
|ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു
ന്യൂഡൽഹി: അധികാര മാറ്റവും വർഗീയ കാരണങ്ങൾ കൊണ്ടും ബോളിവുഡിൽ അവസരങ്ങൾ കുറയുന്നുവെന്ന തന്റെ സമീപകാല പരാമർശങ്ങളെ പറ്റിയുള്ള വിമർശനങ്ങളെ അഭിസംബോധന ചെയ്ത് സംഗീതസംവിധായകൻ എ.ആർ റഹ്‌മാൻ. ചില ഘട്ടങ്ങളിൽ ഉദ്ദേശ്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ റഹ്മാൻ പറഞ്ഞു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്‌മാൻ പങ്കുവെച്ച വിഡിയോയിൽ നേരിട്ട് വിവാദത്തെക്കുറിച്ച് പരാമർശിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'വേദനയുണ്ടാക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ ആത്മാർത്ഥത മനസിലാക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരനായതിൽ ഞാൻ ഭാഗ്യവാനാണ്. എപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുകയും ബഹുസ്വരമായ ശബ്ദങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഇടം സൃഷ്ടിക്കാൻ അത് എന്നെ പ്രാപ്തനാക്കുന്നു.' റഹ്മാൻ പറഞ്ഞു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ ലഭിക്കുന്നിലെന്ന സൂചന എ.ആർ റഹ്‌മാൻ നൽകിയിരുന്നു. 'കഴിഞ്ഞ എട്ട് വർഷമായി അധികാര മാറ്റം കൊണ്ടും സർഗാത്മകതയില്ലാത്ത ആളുകൾക്ക് ശക്തിയുള്ളതിനാലും അല്ലെങ്കിൽ വർഗീയമായ കാരണങ്ങൾ കൊണ്ടോ അങ്ങനെ സംഭവിച്ചിരിക്കാം. പക്ഷേ എന്റെ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ എനിക്ക് കൂടുതൽ സമയമുണ്ട്. ഞാൻ ജോലി അന്വേഷിക്കുന്നില്ല. ജോലി തേടി പോകാൻ ആഗ്രഹിക്കുന്നില്ല. ജോലി എന്നിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അർഹമായത് എനിക്ക് ലഭിക്കും.' റഹ്‌മാൻ അഭിമുഖത്തിൽ പറഞ്ഞു. എ.ആർ റഹ്‌മാന്റെ പരാമർശത്തെ തുടർന്ന് ജാവേദ് അക്തർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് റഹ്‌മാൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.