< Back
Entertainment
ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം, അതുകേട്ട് ഞാനും ഇച്ചാക്കയും ചിരിക്കാറുണ്ട്: മോഹന്‍ലാല്‍
Entertainment

ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം, അതുകേട്ട് ഞാനും ഇച്ചാക്കയും ചിരിക്കാറുണ്ട്: മോഹന്‍ലാല്‍

Web Desk
|
26 Aug 2021 11:45 AM IST

അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും

ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏതാണ്ട് ഒരേ സമയത്ത് വെള്ളിത്തിരയിലെത്തി ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന രണ്ടു നടന്‍മാര്‍. മികച്ച അഭിനേതാക്കള്‍ മാത്രമല്ല, ഉറ്റ സുഹൃത്തുക്കളും കൂടിയാണ് ഇരുവരും. അക്കാര്യം പലപ്പോഴും പല വേദികളിലും ലാലും മമ്മൂട്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്‍റെ തുറന്നുപറച്ചില്‍.



ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്‍റെയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്," ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഇത്തരം കഥകള്‍ കേട്ട് ഏറ്റവും ഉച്ചത്തില്‍ ചിരിക്കുന്നവര്‍ ഞങ്ങളാണ് എന്നതാണ് സത്യം." മോഹന്‍ലാല്‍ പറയുന്നു.

സിനിമയ്ക്കു വേണ്ടി ഏറ്റവും ഭംഗിയായി തന്‍റെ ശരീരം മമ്മൂട്ടി സംരക്ഷിക്കുന്നതിന് കുറിച്ചും ലാല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലർത്തുന്നു എന്നും ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം, അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം എന്നും മോഹൻലാൽ വിശദീകരിക്കുന്നു. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ താൻ കണ്ടിട്ടുള്ളു, അത് മമ്മൂട്ടിയാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ആയുർവേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല എന്ന് പറഞ്ഞ മോഹൻലാൽ, ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ് എന്നും കൂട്ടിച്ചേർത്തു. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല എന്നും ആര് നിർബന്ധിച്ചാലും അതിനു മമ്മൂട്ടി വഴങ്ങില്ല എന്നും മോഹൻലാൽ പറയുന്നു.



മമ്മൂട്ടിയുടെ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്‍റെ മുദ്രകളുണ്ടായിരുന്നുവെന്നും ഉയരങ്ങളിലേക്ക് മമ്മൂട്ടി കഠിനാധ്വാനത്തിലൂടെയാണ് കയറിപ്പോയതെന്നും മോഹൻലാൽ കുറിക്കുന്നു. പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന് താൻ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും എന്ന് പറയുന്ന മോഹൻലാൽ, ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

Related Tags :
Similar Posts