Movies
Vadivelu Mamannan Movie
Movies

എന്തൊരു തിരിച്ചുവരവാണിത്, ഞെട്ടിച്ച പ്രകടനം; മാമന്നൻ റിലീസിന് പിന്നാലെ വടിവേലുവിന് അഭിനന്ദന പ്രവാഹം

Web Desk
|
29 Jun 2023 2:20 PM IST

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരിസെൽവരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമന്നൻ. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനെ അഭിനന്ദിച്ചാണ് കൂടുതൽ കുറിപ്പുകളും വന്നിരിക്കുന്നത്. വടിവേലുവിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെയെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ് താരം നടത്തിയതെന്നും ആരാധകർ പറയുന്നു.

തമിഴ്‌നാട്ടിലെ ജാതിവ്യവസ്ഥയും രാഷ്ട്രീയവുമെല്ലാം ചർച്ചയാവുന്ന ചിത്രത്തിൽ വടിവേലുവിന് പുറമെ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കമൽഹാസൻ, ധനുഷ് അടക്കമുള്ള പ്രമുഖതാരങ്ങളും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാരിസെൽവരാജിന്റെ മാമന്നൻ ഒരു വികാരമാണ്, മാരിക്ക് ഒരു വലിയ ആലിംഗന എന്നായിരുന്നു ധനുഷ് ട്വിറ്ററിൽ കുറിച്ചത്.


മാമന്നൻ കണ്ടു, അത് എന്നെ ഞെട്ടിച്ചു! സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് സിനിമകളിൽ ഒന്ന്. മാരിസെൽവരാജ് ഒരു ശക്തമായ ആഖ്യാനം അവതരിപ്പിക്കുന്നു, അടിച്ചമർത്തപ്പെട്ടവർക്കെതിരെയുള്ള പോരാട്ടം. മികച്ച സംവിധാനം. 25 വർഷത്തിനു ശേഷവും ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായിരിക്കും ഇത്. മനസ്സിനെ ത്രസിപ്പിക്കുന്ന മാസ്റ്റർപീസ്! തകർപ്പൻ #മാമന്നൻ നിങ്ങളുടെ മനസ്സിനെ ത്രസിപ്പിക്കാൻ തയ്യാറെടുക്കുക! മാരിസെൽവരാജ് തമിഴ് സിനിമയുടെ അടിത്തറ തന്നെ ഇളക്കിമറിക്കുന്ന ഒരു സിനിമാ വിപ്ലവം നൽകുന്നു. അടിച്ചമർത്തപ്പെട്ടവർ ദുഷിച്ച വ്യവസ്ഥിതി ഏറ്റെടുക്കുന്നതിന്റെ രൂക്ഷമായ ചിത്രീകരണം അസംസ്‌കൃത തീവ്രതയോടെ! എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം മാമന്നന്റെ റിലീസ് തടയണമെന്ന് കാണിച്ച് തേവർ സമുദായാംഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. സിനിമ കണ്ടാലും ആളുകൾ രണ്ടുദിവസം കൊണ്ട് മറക്കുമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ സിനിമയിൽ കോടതിക്ക് എങ്ങനെയാണ് ഇടപെടാൻ സാധിക്കുകയെന്നും കോടതി ചോദിച്ചു.


സിനിമ നിരോധിക്കണമെന്ന് കാണിച്ച് തേവർ സമുദായത്തിൽപ്പെട്ട മണികണ്ഠൻ ആണ് ഹരജിയുമായി രംഗത്ത് എത്തിയത്.ചിത്രത്തിൽ തേവർ വിഭാഗവും ദലിത് വിഭാഗമായ ദേവേന്ദ്ര കുല വേള്ളരും തമിലുള്ള സംഘർഷമാണ് പറയുന്നതെന്നും ഇത് ഇരു സമുദായങ്ങളും തമ്മിലുള്ള വർഗീയ സംഘർഷത്തിന് കാരണമായേക്കാമെന്നുമായിരുന്നു ഹരജിയിൽ പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലറും ഓഡിയോ ലോഞ്ചും കണ്ടതിന് ശേഷം മാമന്നൻ തേവർക്കും ദേവേന്ദ്ര കുല വേളളർക്കും ഇടയിൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് താൻ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓസ്‌കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

ചിത്രത്തിന്റെ ഛായാഗ്രഹകൻ തേനി ഈശ്വർ ആണ്. ഡിസംബറിൽ തമിഴ്നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവർത്തകനുമായ ഉദയനിധി താൻ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നൻ എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു.

കേരളത്തിൽ ആർ.ആർ.ആർ, വിക്രം, ഡോൺ, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകൾ വിതരണം ചെയ്ത എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Similar Posts