< Back
Movies
Rudhiram
Movies

രാജ് ബി ഷെട്ടിയുടെ അതിശയിപ്പിക്കുന്ന പ്രകടനം, രുധിരത്തിന് ​ഗംഭീര വരവേൽപ്പ്

Web Desk
|
14 Dec 2024 10:10 AM IST

അപൂർവങ്ങളിൽ അപൂർവ പ്രമേയം, ദൃശ്യമികവിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ രുധിരം

കന്നഡ സിനിമയിൽ രാജ് ബി ഷെട്ടി എന്ന നടന്‍റെ റേഞ്ച് നമ്മള്‍ അറിഞ്ഞ ഒട്ടേറെ സിനിമകളുണ്ട്. അതിൽ തന്നെ 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ സിനിമകളിൽ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ അദ്ദേഹം അതിശയിപ്പിച്ചിട്ടുമുണ്ട്. മലയാളത്തിൽ 'ടർബോ', 'കൊണ്ടൽ' തുടങ്ങിയ രണ്ട് സിനിമകളിൽ അദ്ദേഹം ഈ വർഷം അഭിനയിച്ചിട്ടുണ്ടെങ്കിലും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങള്‍ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുകയാണ് ജിഷോ ലോൺ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്ത 'രുധിരം' എന്ന സിനിമയിലൂടെ. രാജ് ബി ഷെട്ടിയെ ഒരു സിനിമയിൽ കൊണ്ടുവരുമ്പോള്‍ എന്തൊക്കെ ചെയ്യിക്കണമെന്നും ഏത് രീതിയിലുള്ള വേഷം അദ്ദേഹത്തിന് കൊടുക്കണമെന്നും നന്നായി പഠിച്ചിട്ടാണ് സംവിധായകൻ അദ്ദേഹത്തെ കാസ്റ്റ് ചെയ്തതെന്ന് സിനിമ കാണുമ്പോള്‍ തോന്നും. കാരണം അത്രയ്ക്കും പെർഫെക്ട് കാസ്റ്റിങ്ങാണ് രാജ് ബി ഷെട്ടി. കന്നഡയിൽ നിന്നും ശ്രദ്ധേയനായ ഒരു നടൻ മലയാളത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നു എന്ന അപൂർവതയും ചിത്രത്തിനുണ്ട്.

'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനുമായി രക്തം കൊണ്ടെഴുതിയ പ്രതികാര കഥയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ഡോ. മാത്യു റോസി എന്നാണ് രാജ് ബി ഷെട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ഒട്ടേറെ അടരുകളുള്ള വേഷം അദ്ദേഹത്തിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നൊരു കഥാപാത്രമാണ്, അനായാസമായിട്ടാണ് അദ്ദേഹം അത് ചെയ്തുവെച്ചിരിക്കുന്നത്. മലയാളത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ആദ്യ സിനിമയിൽ തന്നെ ഇത്തരത്തിൽ വേറിട്ടൊരു വേഷത്തിൽ എത്താൻ അദ്ദേഹം കാണിച്ച മിടുക്ക് എടുത്ത് പറയേണ്ടതാണ്. അതോടൊപ്പം തന്നെ അദ്ദേഹത്തോടൊപ്പം ചേർത്തു പറയേണ്ടുന്ന പ്രകടനമാണ് അപർണ ബാലമുരളിയുടേത്.

അടുത്തിടെ ഹിറ്റായ 'കിഷ്കിന്ധ കാണ്ഡ'ത്തിൽ കണ്ട അപർണയേ അല്ലേ 'രുധിര'ത്തിൽ. അടിമുടി മാറ്റമുള്ള വേഷം, ഗംഭീരമായി അപർണ പകർന്നാടിയിട്ടുണ്ട്. ഒരാളുടെ വീട്ടുതടങ്കലിൽ പെട്ടുകിടക്കുന്ന സ്വാതി എന്ന കഥാപാത്രമായിട്ടാണ് അപർണ എത്തിയിരിക്കുന്നത്. വളരെ നിസ്സഹായ അവസ്ഥയിലാണെങ്കിലും അതോടൊപ്പം സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ണിൽ തെളിയുന്ന വേഷം അപർണ മികവുറ്റതാക്കിയിട്ടുണ്ട്.

സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലർ ജോണറിലുള്ള സിനിമകള്‍ മലയാളത്തിൽ പലരും കൈ വയ്ക്കാൻ മടിക്കുന്നൊരു ജോണറാണ്. അതിനായി നടത്തേണ്ടുന്ന റിസർച്ചുകളും മനുഷ്യ മനസ്സിന്‍റെ സങ്കീർണതകളെ കുറിച്ചുള്ള പഠനവുമൊക്കെയാവാം അതിൽ നിന്ന് പലരേയും പിന്നോട്ട് നടത്തുന്നത്. പക്ഷേ ആ വെല്ലുവിളി സംവിധായകൻ ജിഷോ ലോൺ ആന്‍റണി ധൈര്യപൂർവം ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്.

ജിഷോ ലോൺ ആന്‍റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് സിനിമയിലെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അളന്നു മുറിച്ച സംഭാഷണങ്ങളും അതോടൊപ്പം പ്രേക്ഷകരിൽ ഒരു മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയിലുള്ള വഴിത്തിരിവുകളും സിനിമയിൽ കൊണ്ടുവരുന്നതിൽ ഇരുവരും നന്നായി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒരാള്‍ സൈക്കോ ആയി മാറുന്നതിന് പിന്നിലെ കാര്യ കാരണങ്ങള്‍ കൺവിൻസിംഗായ രീതിയിൽ പ്രേക്ഷകരിലേക്ക് കണക്ടാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളും നിഗൂഢത നിഴലിക്കുന്ന ശബ്‍ദങ്ങളുമൊക്കെ നന്നായി കൂട്ടിയിണക്കിയിട്ടുമുണ്ട് ചിത്രത്തിൽ.

മലയാളത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്നൊരു പുതുപുത്തൻ പ്രമേയത്തെ ഏറെ മികച്ച രീതിയിൽ ജിഷോ ലോൺ ആന്‍റണി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അതിന് ഏറ്റവും അനുയോജ്യരായ താരങ്ങളെ തിരഞ്ഞെടുത്തിട്ടുമുണ്ട്. രാജ് ബി ഷെട്ടിക്കും അപർണക്കും പുറമെ സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരിക്കുന്ന രമേഷ് വർമ, കുമാർദാസ് ടി.എൻ ഇവരുടെയൊക്കെ പ്രകടനങ്ങള്‍ കാണേണ്ടത് തന്നെയാണ്. ആദ്യാവസാനം ഒട്ടേറെ പുതുമ നിറച്ചുള്ള അസാധാരണമായൊരു സർവൈവൽ റിവഞ്ച് ത്രില്ലറായാണ് 'രുധിരം' അനുഭവപ്പെട്ടത്. തിയേറ്ററുകളിൽ ചിത്രം നന്നായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും. ശ്വാസമടക്കിപ്പിടിച്ച് കണ്ടിരുന്നുപോകുന്നൊരു സിനിമ എന്ന് ചുരുക്കി പറയാം, അതാണ് 'രുധിരം'.

Similar Posts