< Back
Movies
കപ്പേളയുടെ തമിഴ് റീമേക്ക് അവകാശം സംവിധായകന്‍ ഗൗതം മേനോന്
Movies

കപ്പേളയുടെ തമിഴ് റീമേക്ക് അവകാശം സംവിധായകന്‍ ഗൗതം മേനോന്

Web Desk
|
4 Jan 2022 7:33 PM IST

നടി അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് കപ്പേള

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ മലയാള ചലച്ചിത്രം കപ്പേളയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ചിമ്പുവിനെ നായകനാക്കി 'വെന്തു തണിന്തതു കാട്' എന്ന ചിത്രമാണ് ഗൗതം മേനോന്‍ നിലവില്‍ സംവിധാനം ചെയ്യുന്നത്. അതിനുശേഷം മറ്റു രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനുണ്ട്.

2020ല്‍ റിലീസായ കപ്പേള തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യാനുള്ള അനുവാദം നിര്‍മാതാക്കള്‍ നേടിയെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ ഹരജി നല്‍കുകയും അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ചിത്രത്തിന്‍റെ സംവിധായകന്‍ മുസ്തഫ തെളിവുകളായി രേഖകള്‍ ഹാജരാക്കിയതോടെയാണ് നിയമക്കുരുക്കുകള്‍ നീങ്ങിയത്. അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രമായ 'അങ്ങ് വൈകുണ്ഠപുരത്ത്' ടീമാണ് കപ്പേളയുടെ തെലുങ്കു റീമേക്ക് ചെയ്യുന്നത്.

തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ കപ്പേള കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. പിന്നീടാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തിയത്. നടി അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് കപ്പേള. മുഹമ്മദ് മുസ്തഫ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു. വിവിധ ചലച്ചിത്ര മേളകളിലും കപ്പേള പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Similar Posts