< Back
Movies
കെജിഎഫ് ചാപ്റ്റർ 2, ബോക്‌സ് ഓഫീസ് കുലുക്കുന്നു; ഇന്ത്യയിൽ നിന്നും ആദ്യ ദിനം നേടിയത് 134.5 കോടി
Movies

കെജിഎഫ് ചാപ്റ്റർ 2, ബോക്‌സ് ഓഫീസ് കുലുക്കുന്നു; ഇന്ത്യയിൽ നിന്നും ആദ്യ ദിനം നേടിയത് 134.5 കോടി

Web Desk
|
15 April 2022 5:44 PM IST

കോവിഡ് വ്യാപനത്താൽ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയായ കെജിഎഫ് 2 ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ

കെജിഎഫ് ചാപ്റ്റർ വണിന്റെ വിജയം ആവർത്തിച്ച് രണ്ടാം ഭാഗവും.നൂറു കോടി ബജറ്റിൽ പൂർത്തിയാക്കിയ ചിത്രത്തിന് ഇന്ത്യൻ സിനിമയിൽത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. ആ പ്രതീക്ഷാഭാരം ചിത്രം സാധൂകരിച്ചുവെന്നാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച പ്രദർശനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം.

കേരളമുൾപ്പെടെയുള്ള എല്ലാ മാർക്കറ്റുകളിൽ നിന്നും ഒരേ തരത്തിൽ മികച്ച അഭിപ്രായം പ്രചരിച്ചതോടെ ആകെ ഇന്ത്യൻ ഗ്രോസിലും വൻ കുതിപ്പാണ് ഈ യഷ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം ബോക്‌സ് ഓഫീസിൽ നിന്നും 134.5 കോടി രൂപ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ദിന കളക്ഷൻ പുറത്തു വിട്ടത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെ.ജി.ഫ് ചാപ്റ്റർ 2 കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് വ്യാപനത്താൽ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയായ കെജിഎഫ് 2 ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലൻ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.


ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്‌റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

Similar Posts