
'എമ്പുരാൻ ഒരുങ്ങുന്നത് ലൂസിഫറിനേക്കാൾ വലിയ കാൻവാസിൽ'; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ
|തിരക്കഥ പൂർത്തിയായെന്നും പരമാവധി വേഗത്തിൽ മറ്റു ജോലികൾ പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു
മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. അതിനിടെ ചിത്രത്തിന് എമ്പുരാൻ എന്ന് പേര് നൽകുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാൻ പോവുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹൻലാൽ, പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നായിരുന്നു പ്രഖ്യാപനം നടത്തിയത്. തിരക്കഥ പൂർത്തിയായെന്നും പരമാവധി വേഗത്തിൽ മറ്റു ജോലികൾ പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിനേക്കാൾ വലിയ കാൻവാസിലാണ് 'എമ്പുരാൻ' ഒരുക്കുന്നത്.
'ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂർത്തിയായി. അഭിനേതാക്കൾ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതൽ 'എമ്പുരാൻ' തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാൽ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങൾ പെട്ടന്ന് ചെയ്യാൻ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പൃഥ്വിരാജ് പറഞ്ഞു
'ലൂസിഫർ ഒരു അത്ഭുതമായി മാറി. അതിനെ മാനിച്ചുകൊണ്ട് ചിന്തിക്കുമ്പോൾ 'എമ്പുരാൻ' അതിന് മുകളിലേക്ക് പോകണം. അത് സാധിക്കുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിലടക്കം സിനിമ ചിത്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാത്ത ഒരു സിനിമ ഞങ്ങൾ ചെയ്യും'- മോഹൻലാൽ പറഞ്ഞു.