< Back
Movies
Marco, unni mukundan
Movies

മാർക്കോ: വിജയം ഇരട്ടിമധുരം, നിർണായക റോളിൽ സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്

Web Desk
|
27 Dec 2024 3:07 PM IST

ആക്ഷൻ രംഗത്തിനായി മക്കൾ നടത്തുന്ന തയ്യാറെടുപ്പിന്റെ വീഡിയോ ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാർക്കോ മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാർക്കോയുടെ വിജയത്തിൽ ഇരട്ടി മധുരത്തിലാണ് നിർമാതാവ് ഷെരീഫ് മുഹമ്മദിനുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമയിൽ നിർണായക റോളിൽ അഭിനയിച്ചിട്ടുണ്ട്. മാർക്കോയുടെ കുടുംബത്തിലെ കുട്ടികളുടെ വേഷത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി മക്കൾ നടത്തുന്ന തയ്യാറെടുപ്പിന്റെ വീഡിയോ ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ രാജകുമാരി സിനിമയിലേക്ക് തന്റെ ആദ്യ ചുവട് വയ്ക്കുന്നു' എന്നായിരുന്നു മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രത്തിൽ കുട്ടികൾ ഉൾപ്പെട്ട ആക്ഷൻ - വയലൻസ് രംഗങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായം. എ സർട്ടിഫിക്കറ്റ് സിനിമ ആയിട്ടുപോലും കുടുംബ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിട്ടുമുണ്ട്. 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാർക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. യുവാക്കൾ മാത്രമല്ല, കുടുംബങ്ങളും മാർക്കോ കാണാൻ തീയറ്ററുകളിൽ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത്.

Related Tags :
Similar Posts