< Back
Movies
മിന്നല്‍ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയത് ഭീമന്‍ തുകക്ക്; കാരണമായത് കള
Movies

'മിന്നല്‍ മുരളി'യുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയത് ഭീമന്‍ തുകക്ക്; കാരണമായത് 'കള'

Web Desk
|
4 July 2021 8:23 PM IST

തിയേറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തുക

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സിന്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്തു തന്നെ അണിയറ പ്രവർത്തകർ ഇത് വ്യക്തമാക്കിയതാണ്. റെക്കോർഡ് തുകക്കാണ് ചിത്രം വിറ്റുപോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇത് വ്യക്തമാക്കിയത്.

ടൊവീനോയുടെ സമീപകാല ചിത്രം 'കള'ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമായതെന്നാണ് ശ്രീധർ പറയുന്നത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തുക.

ചിത്രത്തിൽ മിന്നൽ മുരളി എന്ന സൂപ്പർഹീറോ കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. അരുൺ, ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്‍മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗ് ആണ്. അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Similar Posts