
'സുന്ദര'നായവനേ...; 'നൻപകൽ' ഉറങ്ങാൻ വിടാതെ പിടിച്ചിരുത്തുമ്പോൾ
|അഭിനയിക്കാൻ ഏറെ സാധ്യതയുള്ള ഒന്ന് തന്റെ പേരിൽ അടയാളപ്പെടുത്തണം എന്ന ധൃതിയായിരിക്കണം നൻപകൽ അഭിനയിക്കാനും നിർമിക്കാനും മമ്മൂട്ടി ചാടിപ്പുറപ്പെട്ടത്
മലയാള സിനിമ സംവിധായക നിരയിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കുള്ള സ്ഥാനം എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംവിധായകന്റെ പേര് നോക്കി ചിത്രം കാണുന്നതിലേക്ക് ലിജോ എന്ന പേര് മാറിയിട്ടുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം അടയാളപ്പെടുത്തികടന്നുപോയിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് മമ്മൂട്ടിയോടപ്പം ലിജോ എത്തുന്നു എന്ന വാർത്ത വലിയ ഓളമുണ്ടാക്കിയത്. ലിജോ മമ്മൂട്ടിയെയാണോ മമ്മൂട്ടി ലിജോയെയാണോ ഉപയോഗിക്കാൻ പോവുന്നതെന്ന ചോദ്യം ഉയർന്നു. 27 -ാമത് ഐഎഫ് എഫ് കെ വേദി അതിനുള്ള ഉത്തരവും നൽകി. കണ്ണുമിഴിച്ച് തറയിലിരുന്ന് 'നൻപകൽ നേരത്ത് മയക്കം' കണ്ട് കരഘോഷം മുഴക്കി ഡെലിഗേറ്റുകൾ. ചിത്രം തിയറ്ററുകളിലുമെത്തി.

ആളുകളിൽ മതിപ്പ് ഉണ്ടാക്കാൻ വേണ്ടി സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ലെന്ന് പ്രഖ്യാപിച്ച സംവിധായകനാണ് ലിജോ. നൻപകലും പൂർണമായി ലിജോയുടെ സിനിമയാണ്. ഒരു മമ്മൂട്ടി സിനിമ എന്ന് പറയുന്നതിനേക്കാളും ചിത്രം തുടങ്ങുമ്പോൾ എഴുതി കാണിക്കുന്ന പോലെ ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ മയക്കമാണ് എന്ന് പറയുന്നതാണ് ഉചിതം. ഒപ്പം ഇത് ഹരീഷിന്റെ സിനിമ കൂടിയാണ്. അസാധ്യ സ്‌ക്രീൻപ്ലെ കൊണ്ട് ഹരീഷ് ഞെട്ടിക്കുന്നുണ്ട്. മലയാളവും തമിഴും ഇടകലർത്തി ഹരീഷ് എഴുതിവെച്ചിരിക്കുന്ന സംഭാഷണങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. നാടക ട്രൂപ്പ് നടത്തുന്ന ജെയിംസ് തന്റെ കുടുംബത്തിനും സമതിയിലെ മറ്റു നടൻമാരെയും ആളുകളെയും കൊണ്ട് വേളാങ്കണ്ണിയിൽ പോയ ശേഷം തിരികെ കേരളത്തിലേക്ക് യാത്ര തിരിക്കുകയാണ്. വണ്ടി തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെത്തുമ്പോൾ ജെയിംസ് വണ്ടിയിൽ നിന്ന് ഇറങ്ങിപോവുന്നു. പിന്നെ സംഭവിക്കുന്നതിനെ മിസ്റ്ററി മൂഡിൽ പറഞ്ഞിരിക്കുകയാണ് ഹരീഷ്. സിനിമ കാണുന്നവരെ കൂടെ നടത്തുന്ന തിരക്കഥ. പകർന്നാടി മമ്മൂട്ടിയും. എന്താണ് സംഭവിക്കുന്നതെന്ന ആകാംഷയാണ് പ്രേക്ഷകന്റെ കണ്ണിൽ നിറയുക. മരവിപ്പും, നിശബ്ദദയും കഥാപാത്രങ്ങളുടെ സഞ്ചാരവും ഗ്രാമവും അങ്ങനെ ലിജോ മാജിക് തീർത്ത് മറു വശത്ത്. സിനിമയുടെ തുടക്കത്തിൽ എല്ലാവരും ബസിലിരിക്കുന്ന ഒരു സീനുണ്ട്. ആ സമയത്ത് ബസിൽ പ്ലേ ചെയ്യുന്നത് മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ പരമ്പര എന്ന സിനിമയാണ്. വരാനിരിക്കുന്നത് കിളിപാറുന്ന പരമ്പരയാണെന്ന് ലിജോ അവിടെ സിഗ്‌നൽ തരുന്നുണ്ട്.

സിനിമക്കുള്ളിൽ കഥാപാത്രങ്ങളുടെ പരകായപ്രവേശം ഹോളിവുഡ് പലപ്പോഴും കൈവെച്ച പ്ലോട്ടാണ്. ഇടക്കാലത്ത് കൊറിയൻ സിനിമകൾ പരക്കെ പിടിച്ചതും ഈ ലൈൻ തന്നെയായിരുന്നു. 2021 ൽ റിലീസായ കൊറിയൻ ചിത്രം സ്പിരിറ്റ് വാക്കർ ഇതേ മാതൃകയിൽ അതിവേഗം കഥപറഞ്ഞ ഒരു ഫാന്റസി മിസ്റ്ററി ആക്ഷൻ ചിത്രമായിരുന്നു.
മമ്മൂട്ടി എന്ന നടൻ കെട്ടിയാടാത്ത വേഷങ്ങളില്ല. അരനൂറ്റാണ്ട് കാലയളവിൽ അദ്ദേഹം ചെയ്തത് എത്രയത്ര കഥാപാത്രങ്ങളാണ്. ഓരോ സിനിമയിലും മമ്മൂട്ടി എന്ന നടൻ കഥാപാത്രമായി മാറുന്നത് അമ്പരപ്പോടെ നോക്കിയിരുന്നവരല്ലേ നമ്മൾ.നൻപകലിലേക്ക് വന്നാൽ ഒരാളിൽ നിന്ന് അടുത്തയാളിലേക്ക് മമ്മൂട്ടി എത്രപെട്ടെന്നാണ് സ്വിച്ചിട്ടപോലെ മാറുന്നത്. മലയാളത്തിൽ മമ്മൂട്ടിക്ക് മാത്രം സാധ്യമാവുന്ന ഒന്നായതുകൊണ്ടായിരിക്കണം ലിജോ അദ്ദേഹത്തെ തെരഞ്ഞെടുത്തതും. അഭിനയിക്കാൻ ഏറെ സാധ്യതയുള്ള ഒന്ന് തന്റെ പേരിൽ അടയാളപ്പെടുത്തണം എന്ന് ധൃതിയായിരിക്കണം നൻപകലിൽ അഭിനയിക്കാനും നിർമിക്കാനും മമ്മൂട്ടി ചാടിപ്പുറപ്പെട്ടത്. അത്രയും ചാലഞ്ചിങ്ങായ കഥാപാത്രത്തെ അദ്ദേഹം അത്ര ഈസിയോടെയാണ് അഭിനയിച്ചു ഫലിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം കരഞ്ഞ് ഭൂമിയോടും പിന്നീട് തളർന്ന് അമ്മയുടെ മടിയിലും ചേർന്ന് കിടക്കുന്ന ഒരു സീനുണ്ട് അയാളുടെ ആ നോവ് ചിത്രം കഴിഞ്ഞിറങ്ങിയാലും നമ്മളെ സങ്കടപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും കൊണ്ടിരിക്കും.

മറ്റുകഥാപാത്രങ്ങളായി വന്നവരുടെ പ്രകടനമാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. അവരുടെ പ്രകടനങ്ങൾ സിനിമ കാണുന്നവരെ പോലെയാണ്, ആ ബസിനുള്ളിലെ ഓരോരുത്തരും യഥാർത്ഥത്തിൽ നമ്മളാണ്. എന്താണ് സംഭവിക്കുന്നത് അറിയാത്തവരാണ്. അവരുടെ മുഖത്തെ അമ്പരപ്പ് പോലും ക്യാമറയിലാക്കിയിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾ എന്താണെന്നും സ്വഭാവവും സംഭാഷണവും നൽകി പ്രേക്ഷകനെ കൂടെ കൂട്ടി നടത്താനുള്ള ജോലിയും ലിജോ അവർക്ക് തന്നെയാണ് നൽകിയത്. മറ്റൊരു കൂട്ടർ ഇവർ വന്ന് പെടുന്ന് തമിഴ് ഗ്രാമത്തിലെ നാട്ടുകാരാണ്. പകുതിയും തമിഴ് സംസാരിക്കുന്ന ചിത്രത്തിൽ സ്ഥിരം തമിഴ് സിനിമയിൽ കാണുന്ന മുഖങ്ങളെല്ലാം ചിത്രത്തിലുണ്ട്. മലയാളവും തമിഴും രണ്ടായി തന്നെ നിൽക്കാനും അത് പറയുന്ന കഥയുടെ പ്രധാന്യവും കണക്കിലെടുത്ത് സീനുകൾ കൊണ്ടും സംഭഷണവും കൊണ്ട് സിനിമക്കുള്ളിൽ കാണാത്ത ഒരു നൂല് കെട്ടിയിട്ടുണ്ട് ലിജോ.
ചെറിയ കഥ അതിലും ഭംഗിയിൽ പകർത്തിവെച്ചതിനെ പ്രേക്ഷനുമായി കോർത്തുവെയ്ക്കുന്നത് പശ്ചാത്തല സംഗീതമാണ് ഞെട്ടിക്കുന്ന ഒന്ന്. ഇതിനായി ഉപയോഗിച്ചിരിക്കുന്നത് പഴയ തമിഴ് പാട്ടുകളും സിനിമാ ഡയലോഗുകളുമാണ്. ഇതുപോലെ പറയുന്ന സംഭാഷണങ്ങളെയും സന്ദർഭങ്ങളെയും പശ്ചാത്തല സംഗീതമായി ചേർത്തൊരുക്കിയ മറ്റൊരു മലയാളസിനിമ ഇല്ല. പഴയ തമിഴ് ചിത്രങ്ങൾ, പാട്ടുകളൊക്കെ ഇങ്ങനെ സീനുകളോട് ചേർത്ത് കെട്ടിയിട്ടുണ്ട്. വെറുതെ ഒരു കഥ പറഞ്ഞുപോവുന്നതിനപ്പുറം സിനിമ പഠിക്കുന്നവർക്ക് കൂടി ഉപകരിക്കുന്നതാണ് പലപ്പോഴും ലിജോ സിനിമകൾ.
ഛായഗ്രാഹകൻ തേനി ഈശ്വറിന്റെ മാജികാണ് ചിത്രത്തിന്റെ കാഴ്ച സമ്പന്നമാക്കുന്ന മറ്റൊരു ഘടകം. സ്‌ക്രീനിലെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ സംഭാഷണങ്ങളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെ തേനി ഈശ്വർ എന്ന ക്യാമറാമാൻ കാണിക്കുന്നുണ്ട്. ഉദാഹരണത്തിന് ഓരേ പ്രശ്നം അനുഭവിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഒരു ഫ്രെയിമിൽ വരുന്നുണ്ട്. അതിങ്ങനെ രാത്രിയുടെ വെളിച്ചത്തിൽ തേനി ഈശ്വർ പകർത്തിവെച്ചിട്ടുണ്ട്. അതിനെ സ്വപ്ന തുല്യം ദീപു എസ്. ജോസഫ് എഡിറ്റ് ചെയ്ത് എത്തിച്ചിട്ടുമുണ്ട്. വിശ്വാസവും, സ്വപ്നവും, യാഥാർഥ്യവുമെല്ലാം ഇഴചേർന്ന് കിടക്കുന്ന സിനിമ, കാഴ്ച്ചക്കാരന് അനുസരിച്ച് കാഴ്ചയും വ്യത്യസ്തമാവുന്നുണ്ട്.

ലിജോ സിനിമകളിൽ എക്സൈറ്റ് ചെയ്യിക്കുന്ന ഒന്ന് ഇയാളിത് എവിടെ അവസാനിപ്പിക്കും എന്നതാണ്. അങ്കമാലി ഡയറീസ് മാറ്റി നിർത്തിയാൽ മറ്റെല്ലാ ലിജോ സിനിമയും അങ്ങനെയൊരു കിക്ക് സമ്മാനിച്ചിട്ടുണ്ടായിരിക്കും. നൻപകൽ കണ്ട്കൊണ്ടിരിക്കുമ്പോഴും പലരെയും അലട്ടിയിരുന്നത് ഇത് തന്നെയായിരിക്കും. പ്രേക്ഷനെ ചിന്തിക്കാൻ വിട്ട് സിനിമ അവസാനിപ്പിക്കുന്ന രീതിയാണ് ഇതിലും ലിജോ പിന്തുടർന്നിരിക്കുന്നത്. ശേഷം പ്രേക്ഷൻ കുത്തിയിരുന്ന് ആലോചിച്ച് ഓരോ നിർവചനങ്ങളിലുമെത്തണം. അതായത് സിനിമ അവസാനിക്കുന്ന ആ നിമിഷത്തിൽ നിന്നാണ് പ്രേക്ഷൻ ആ സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓർത്തും തങ്ങൾ കണ്ട കാഴ്ചയെ വീണ്ടും വീണ്ടും അത്ഭുതമാകുന്നത്. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ പരമാലധി ഉപയോഗപ്പെടുത്തി ലിജോയും അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്ന മമ്മൂട്ടിയും മലയാളിക്ക് സമ്മാനിച്ചത് മറ്റൊരു വിസ്മയം. നൻപകൽ ഉറങ്ങാൻ വിടാതെ പിടിച്ചിരുത്തും.