< Back
Movies
ആ ഒന്‍പതു പേരും ക്യാമറക്ക് മുന്നിലെത്തിയത് ഇങ്ങനെ; നവരസയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി
Movies

ആ ഒന്‍പതു പേരും ക്യാമറക്ക് മുന്നിലെത്തിയത് ഇങ്ങനെ; നവരസയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

Web Desk
|
24 July 2021 8:22 PM IST

ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ നെറ്റ്ഫ്ലിക്‌സ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

ആന്തോളജി ചിത്രം നവരസത്തിന്റെ വൈറല്‍ ടീസറിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. വിഖ്യാത സംവിധായകന്‍ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം, ഒന്‍പതു രസങ്ങളെ ആസ്പദമാക്കി ഒന്‍പതു സംവിധായകരാണ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തെന്നിന്ത്യയിലെ സുപ്രസിദ്ധ സംവിധായകരും, അഭിനേതാക്കളും സിനിമാ പ്രവര്‍ത്തകരും ഒന്നിക്കുന്ന ചിത്രമാണ് നവരസ. 'ഒന്‍പതു ഭാവങ്ങള്‍, ഒന്‍പതു കഥകള്‍' എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ നെറ്റ്ഫ്ലിക്‌സ് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഗൗതം വാസുദേവ മേനോന്‍, പ്രിയദര്‍ശന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, രതീന്ദ്രന്‍ പ്രസാദ്, സര്‍ജുന്‍, വസന്ത് സായി എന്നീ ഒന്‍പതു പേരുടെ ചിത്രമാണ് നവരസ. സൂര്യ, നെടുമുടി വേണു, വിജയ് സേതുപതി, പ്രകാശ് രാജ്, പാര്‍വതി തിരുവോത്ത് അഥര്‍വ, അഞ്ജലി, സിദ്ധാര്‍ഥ്, അരവിന്ദ് സ്വാമി, പ്രയാഗ മാര്‍ട്ടിന്‍, ഗൗതം മേനോന്‍, രമ്യ നമ്പീശന്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുദീപ് എലമോന്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ക്യാമറ.

Similar Posts