
സെറ്റ് സിനിമ, ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം
|തിയേറ്ററിലെത്തിയ ഉണ്ണി മുകുന്ദനും താരങ്ങൾക്കും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്
മാർക്കോയ്ക്ക് പിന്നാലെ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുട്ടികളും കുടുംബങ്ങളും ഒരേപോലെയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. മാതാപിതാക്കൾ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി തിയേറ്ററിൽ എത്തുകയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇതിനിടയിൽ തിയേറ്ററിലെത്തിയ ഉണ്ണി മുകുന്ദനും താരങ്ങൾക്കും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
മകൻ നിർബന്ധിച്ചിട്ടാണ് സിനിമ കാണാൻ എത്തിയതെന്ന് പറഞ്ഞ ആരാധകനും കുടുംബത്തിനുമൊപ്പം ഉണ്ണി മുകുന്ദൻ ചിത്രങ്ങളും എടുത്തു.
ഇത്തരമൊരു വിഷയം ധൈര്യപൂർവം മലയാളത്തിൽ അവതരിപ്പിച്ചതിന് 'ഗെറ്റ് സെറ്റ് ബേബി'യുടെ അണിയറപ്രവർത്തകരെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.
ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ഐവിഎഫ് സ്പെഷലിസ്റ്റ് കഥാപാത്രമായി മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ചവെച്ചിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഉള്‍പ്പെടെ ട്രെൻഡിംഗായിരിക്കുകയാണ് ചിത്രം. മികച്ച ബുക്കിംഗിൽ മൂന്നാം ദിനവും തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുള്‍പ്പെടെ എത്തിക്കൊണ്ടിരിക്കുകയാണ്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. സ്വാതി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രചന നിർവഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകളും അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ച പ്രതികരണമാണ് നേടുന്നത്.