
നോ വയലൻസ് നോ ഫൈറ്റ്; ഗെറ്റ് സെറ്റ് ബേബി രണ്ടാം വാരത്തിലേക്ക്
|ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ചേർത്തിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ വാക്കുകള്‍.
യാതൊരു ടെൻഷനുമില്ലാതെ, റിലാക്സ്ഡ്, സന്തോഷമായി കാണാൻ കഴിയുന്നൊരു ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയിരിക്കുന്ന ഗെറ്റ് സെറ്റ് ബേബി. കുടുംബങ്ങൾക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന നോ വയലൻസ് നോ ഫൈറ്റ് ചിത്രം.
ഉണ്ണി മുകുന്ദന്റെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം എല്ലാവരേയും കൈയിലെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ചേർത്തിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ വാക്കുകള്‍. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ അടയാളപ്പെടുത്തിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം.
ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 'കിളിപോയി', 'കോഹിന്നൂർ' എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
ചിത്രത്തിൽ സ്വാതി എന്ന യുവതിയായി നിഖില വിമലും എത്തുന്നുണ്ട്. സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍ കളർഫുള്ളാണ്. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിങ്ങും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം.