
'മൂന്ന് ലക്ഷത്തിന്റെ വീഞ്ഞ് കുപ്പിയോ ആറ് ലക്ഷത്തിന്റെ അത്താഴമോ അല്ല'; താൻ വാങ്ങിയ ഏറ്റവും വിലയേറിയ വസ്തു വെളിപ്പെടുത്തി ആർ.മാധവൻ
|രൺവീർ അല്ലാബാദിയയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ മാധവൻ തന്റെ ഹോബികൾ കുറിച്ചും ആഡംബരങ്ങളെ കുറിച്ചും മനസ് തുറക്കുന്നു
ചെന്നൈ: ഇന്ത്യൻ സിനിമയിൽ വലിയ ആരാധകവൃന്ദവുമുള്ള നടന്മാരിൽ ഒരാളാണ് ആർ.മാധവൻ. മാധവന്റെ ശാന്തപ്രകൃതം ആരാധകർക്കിടയിൽ പേരുകേട്ടതാണ്. എന്നാൽ ശാന്തതക്ക് കീഴിലും ജിജ്ഞാസയുള്ള സാഹസികത നിറഞ്ഞ ഒരു വ്യക്തിയുണ്ട് എന്നതാണ് രൺവീർ അല്ലാബാദിയയുമായി നടത്തിയ ഒരു അഭിമുഖം വെളിപ്പെടുത്തുന്നത്. രൺവീറുമായുള്ള ഒരു പഴയ അഭിമുഖത്തിൽ മാധവൻ തന്റെ ഹോബികളെ കുറിച്ചും ആഡംബരങ്ങളെ കുറിച്ചും മനസ് തുറക്കുന്നു.
താൻ ഇതുവരെ വാങ്ങിയതിൽ വച്ച് ഏറ്റവും വിലയേറിയ വസ്തുവിനെ കുറിച്ചും ഈ അഭിമുഖത്തിൽ മാധവൻ തുറന്നു പറയുന്നു. 'ഞാൻ ഒരു യാച്ച് വാങ്ങി.' മാധവൻ അഭിമുഖത്തിനിടെ യാദൃശ്ചികമായി വെളിപ്പെടുത്തി. പിന്നാലെ അതിന് പിന്നിലെ കഥയും അദേഹം വിശദീകരിച്ചു: 'എനിക്ക് എപ്പോഴും ക്യാപ്റ്റൻ ലൈസൻസ് എടുക്കാൻ ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാണ് ഞാൻ അത് വാങ്ങിയത്. കോവിഡ് സമയത്ത് എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. അതിനാൽ ഞാൻ വീട്ടിൽ ഇരുന്ന് പരീക്ഷ എഴുതി. ഇപ്പോൾ ഞാൻ 40 അടി യാച്ച്/ബോട്ട് ഓടിക്കാൻ കഴിയുന്ന ലൈസൻസുള്ള ക്യാപ്റ്റനാണ്.'
ഇത് കേവലം ആഡംബരത്തിന്റെ കാര്യം മാത്രമല്ലെന്നും തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും മാധവൻ വിശദീകരിച്ചു. തന്റെ ബക്കറ്റ് ലിസ്റ്റിൽ വളരെക്കാലമായി ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് ഇതെന്നും മാധവൻ കൂട്ടിച്ചേർത്തു. എന്നാൽ പൊതുവെ മറ്റ് ആഡംബരങ്ങളിൽ താല്പര്യം പ്രകടിപ്പിക്കാത്ത ഒരാളാണ് മാധവൻ. വിലകൂടിയ അത്താഴങ്ങളോ ഡിസൈനർ വൈനുകളോ മാധവന്റെ രീതിയായിരുന്നില്ല. 'ഞാൻ ഒരിക്കലും മൂന്ന് ലക്ഷത്തിന്റെ വീഞ്ഞ് കുടിക്കില്ല, അല്ലെങ്കിൽ ഒരു അത്താഴത്തിന് ആറ് ലക്ഷം ചെലവഴിക്കില്ല... എന്റെ മിഡിൽ ക്ലാസ് അനുഭവും അതിന് അനുവദിക്കില്ല.' മാധവൻ പറഞ്ഞു.