Movies
Mammn Movie
Movies

'മാമന്നൻ' റിലീസ് തടയാൻ സാധിക്കില്ല, സിനിമ കണ്ടാലും ആളുകൾ രണ്ടുദിവസം കൊണ്ട് മറക്കും'; തേവർ സമുദായാംഗത്തിന്റെ ഹരജി തള്ളി ഹൈക്കോടതി

Web Desk
|
29 Jun 2023 8:17 AM IST



മാരി സെൽവരാജ് സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമായ 'മാമന്നൻ' നിരോധിക്കണമെന്ന ഹരജി തള്ളി മദ്രാസ് ഹൈക്കോടതി. സിനിമ കണ്ടാലും ആളുകൾ രണ്ടുദിവസം കൊണ്ട് മറക്കുമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ സിനിമയിൽ കോടതിക്ക് എങ്ങനെയാണ് ഇടപെടാൻ സാധിക്കുകയെന്നും കോടതി ചോദിച്ചു.

സിനിമ നിരോധിക്കണമെന്ന് കാണിച്ച് തേവർ സമുദായത്തിൽപ്പെട്ട മണികണ്ഠൻ ആണ് ഹരജിയുമായി രംഗത്ത് എത്തിയത്.

ചിത്രത്തിൽ തേവർ വിഭാഗവും ദലിത് വിഭാഗമായ ദേവേന്ദ്ര കുല വേള്ളരും തമിലുള്ള സംഘർഷമാണ് പറയുന്നതെന്നും ഇത് ഇരു സമുദായങ്ങളും തമ്മിലുള്ള വർഗീയ സംഘർഷത്തിന് കാരണമായേക്കാമെന്നുമായിരുന്നു ഹരജിയിൽ പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലറും ഓഡിയോ ലോഞ്ചും കണ്ടതിന് ശേഷം മാമന്നൻ തേവർക്കും ദേവേന്ദ്ര കുല വേളളർക്കും ഇടയിൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് താൻ മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാമന്നന്റെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും സിനിമയുടെ പ്രദർശനം പൂർണമായും നിരോധിക്കണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടിരുന്നു.

മാരി സെൽവരാജിന്റെ മുൻ ചിത്രമായ കർണനിലും തേവർ സമുദായവും ദേവേന്ദ്ര കുല വേളളരും തമ്മിലുള്ള സംഘർഷമാണ് വിഷയമായതെന്നും മണികണ്ഠൻ പറഞ്ഞു. ചിത്രത്തിന് മാമന്നൻ എന്ന പേര് ഉപയോഗിച്ചത് തന്റെ സമുദായ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നായകൻ ഉദയനിധി സ്റ്റാലിനും സംവിധായകൻ മാരി സെൽവരാജും സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ നൽകിയിട്ടുണ്ടെന്നും മണികണ്ഠൻ ആരോപിച്ചു. വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് മാമന്നൻ എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.

Similar Posts