< Back
Movies
Rudhiram
Movies

മറക്കാനാവാത്ത ദൃശ്യാനുഭവം സമ്മാനിച്ച് ഹൗസ്‍ഫുൾ ഷോകളുമായി 'രുധിരം' മുന്നേറുന്നു

Web Desk
|
16 Dec 2024 10:15 AM IST

രാജ് ബി ഷെട്ടിയോടൊപ്പം ചേർത്തു പറയേണ്ടുന്ന പ്രകടനമാണ് അപർണ ബാലമുരളിയുടേത്

ഓരോ നിമിഷവും ഇനിയെന്തായിരിക്കും സംഭവിക്കുന്നത് എന്ന ആകാംക്ഷ സമ്മാനിച്ചുകൊണ്ട് തിയേറ്ററുകളിൽ മറക്കാനാവാത്തൊരു ദൃശ്യാനുഭവം സമ്മാനിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി - അപർണ ബാലമുരളി ടീമിന്‍റെ 'രുധിരം'. ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വീക്കെൻഡിൽ ഹൗസ്‍ഫുൾ ഷോകളുമായാണ് മുന്നേറുന്നത്.

ചിത്രം റിലീസായി രണ്ട് ദിനം പിന്നിടുമ്പോള്‍ എല്ലായിടത്തും പ്രേക്ഷക - നിരൂപക പ്രശംസയോടെ ഗംഭീര അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. 'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനുമായി എത്തിയ ചിത്രം മലയാളം ഇന്നേവരെ കാണാത്ത രക്തം കൊണ്ടെഴുതിയ പ്രതികാര കഥയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. കന്നഡയിൽ നിന്നെത്തി മലയാളത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയ രാജ് ബി ഷെട്ടിയുടെ 'രുധിര'ത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത ഒരു അന്യഭാഷ നടനെ മലയാളികൾ നെഞ്ചോടുചേർത്തുപിടിക്കുന്നതിന്‍റെ നേർക്കാഴ്ചയായിരിക്കുകയാണ്.

രാജ് ബി ഷെട്ടി എന്ന നടന്‍റെ റേഞ്ച് സിനിമ പ്രേക്ഷകർ അറിഞ്ഞ ഒട്ടേറെ കന്നഡ സിനിമകളുണ്ട്. അതിൽ തന്നെ 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' എന്നീ കന്നഡ സിനിമകളിൽ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ അദ്ദേഹം അതിശയിപ്പിച്ചിട്ടുമുണ്ട്. മലയാളത്തിൽ 'ടർബോ', 'കൊണ്ടൽ' തുടങ്ങിയ രണ്ട് സിനിമകളിൽ അദ്ദേഹം ഈ വർഷം അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അതിശയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങള്‍ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുകയാണ് ജിഷോ ലോൺ ആന്‍റണി കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന 'രുധിരം'.

അതോടൊപ്പം തന്നെ രാജ് ബി ഷെട്ടിയോടൊപ്പം ചേർത്തു പറയേണ്ടുന്ന പ്രകടനമാണ് അപർണ ബാലമുരളിയുടേത്. അടുത്തിടെ ഹിറ്റായ 'കിഷ്കിന്ധ കാണ്ഡ'ത്തിൽ കണ്ട അപർണയേ അല്ലേ 'രുധിര'ത്തിൽ. അടിമുടി മാറ്റമുള്ള വേഷം, ഗംഭീരമായി അപർണ പകർന്നാടിയിട്ടുണ്ട്. ഒരാളുടെ വീട്ടുതടങ്കലിൽ പെട്ടുകിടക്കുന്ന സ്വാതി എന്ന കഥാപാത്രമായിട്ടാണ് അപർണ എത്തിയിരിക്കുന്നത്. വളരെ നിസ്സഹായ അവസ്ഥയിലാണെങ്കിലും അതോടൊപ്പം സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ണിൽ തെളിയുന്ന വേഷം അപർണ മികവുറ്റതാക്കിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും അസാമാന്യ മികവ് പുലർത്തിയിട്ടുമുണ്ട് അപർണ.

അളന്നു മുറിച്ച സംഭാഷണങ്ങളും അതോടൊപ്പം പ്രേക്ഷകരിൽ ഒരു മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയിലുള്ള വഴിത്തിരിവുകളും സിനിമയിൽ കൊണ്ടുവരുന്നതിൽ സിനിമയുടെ മേക്കേഴ്സ് നന്നായി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായ 'രുധിര'ത്തിന് ജിഷോ ലോൺ ആന്‍റണിയും ജോസഫ് കിരൺ ജോർജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരാള്‍ സൈക്കോ ആയി മാറുന്നതിന് പിന്നിലെ കാര്യ കാരണങ്ങള്‍ കൺവിൻസിംഗായ രീതിയിൽ പ്രേക്ഷകരിലേക്ക് കണക്ടാവുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളും നിഗൂഢത നിഴലിക്കുന്ന ശബ്‍ദങ്ങളുമൊക്കെ നന്നായി കൂട്ടിയിണക്കിയിട്ടുമുണ്ട് ചിത്രത്തിൽ. മലയാളത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്നൊരു പുതുപുത്തൻ പ്രമേയത്തെ ഏറെ മികച്ച രീതിയിൽ, ഹോളിവുഡ് നിലവാരത്തിൽ ജിഷോ ലോൺ ആന്‍റണിയും ക്രൂവും ചേർന്ന് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നുറപ്പിച്ച് പറയാം.

Similar Posts