< Back
Movies
ആ കുട്ടി ശ്വാസം വിട്ടോട്ടെ: ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി
Movies

'ആ കുട്ടി ശ്വാസം വിട്ടോട്ടെ': ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി

Web Desk
|
3 Oct 2021 7:45 PM IST

ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാദ്ധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍, ആര്യന്‍ ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാദ്ധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.

'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നതൊക്കെയുള്ളത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി.

സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്' സുനില്‍ ഷെട്ടി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആര്യന്‍ ഖാന്റെ ഉറ്റസുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച, നുപുര്‍ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാല്‍, വിക്രാന്ത് ഛോക്കര്‍.ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തെന്ന് എന്‍.സി.ബി. നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ വൈദ്യപരിശോധനയ്ക്കായി എന്‍.സി.ബി. ഓഫീസില്‍നിന്ന് കൊണ്ടുപോയി. ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കും. അതിനിടെ, ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവിമുംബൈയിലും മറ്റും ഞായറാഴ്ച റെയ്ഡുകള്‍ നടന്നു.

Similar Posts