
കുടുംബങ്ങളുടെ ഹൃദയം കവർന്ന ഡോക്ടർ; ഗെറ്റ് സെറ്റ് ബേബി രണ്ടാം വാരത്തിലേക്ക്
|ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും സ്വാതി എന്ന യുവതിയായി നിഖില വിമലും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഡോ. സണ്ണി, ഡോ. രവി തരകൻ എന്നിങ്ങനെ പ്രേക്ഷകരുടെ മനസിൽ കയറി കൂടിയ മലയാള സിനിമയിലെ ഡോക്ടർമാരെ നമ്മൾ കണ്ടിട്ടുണ്ട്. നമ്മളെ ഒരുപാട് ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച, പേടിപ്പിച്ച, ടെൻഷൻ അടിപ്പിച്ച കുറേ ഡോക്ടർമാരുണ്ട്, നിരവധി മെഡിക്കൽ റിലേറ്റഡ് സിനിമകളുമുണ്ട്. അവരിൽ നിന്നൊക്കെ ഏറെ വേറിട്ട് നിൽക്കുന്നൊരാളാണ് 'ഗെറ്റ് സെറ്റ് ബേബി'യിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ഗൈനക്കോളജിസ്റ്റ്. ഒരു ഡോക്ടറുടെ പേഴ്സണൽ ആൻഡ് പ്രൊഫഷണൽ ലൈഫിലൂടെ ഈ കാലത്തെ കുടുംബങ്ങളുടെ നേർചിത്രം സിനിമയിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കുടുംബങ്ങളുടെ ഹൃദയം കവർന്ന ഡോക്ടറായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രം. തിയേറ്ററുകളിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.
മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ആറാം ദിനവും തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
പരസ്യ ചിത്രങ്ങളിൽ നിന്നും സ്വതന്ത്രസംവിധായകനായ വിനയ് ഗോവിന്ദ് ആണ് സിനിമയുടെ സംവിധായകൻ. ആദ്യ ചിത്രമായ കിളിപോയി മലയാളത്തിലെ ആദ്യ സ്റ്റോണർ മൂവിയായിരുന്നു. പിന്നാലെ ഹീസ്റ്റ് ചിത്രമായ കോഹിന്നൂറിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
ഉണ്ണി മുകുന്ദനൊപ്പം നിഖില വിമലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
കുടുംബങ്ങളുടെ പൾസറിഞ്ഞുകൊണ്ട് ഗെറ്റ് സെറ്റ് ബേബിയുടെ രചന നിർവഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്.