
മോദിയാകാൻ ഉണ്ണി മുകുന്ദൻ; 'മാ വന്ദേ' ഒരുങ്ങുന്നത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ
|പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ ബയോപിക് പ്രഖ്യാപിച്ച് സിൽവർ കാസ്റ്റ് ക്രിയേഷൻസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ ബയോപിക് പ്രഖ്യാപിച്ച് സിൽവർ കാസ്റ്റ് ക്രിയേഷൻസ്. 'മാ വന്ദേ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളം നടൻ ഉണ്ണി മുകുന്ദനാണ് മോദിയുടെ വേഷം ചെയ്യുന്നത്. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവായി ഉയർന്നുവരുന്നതുവരെയുള്ള മോദിയുടെ ചരിത്രമാണ് 'മാ വന്ദേ' എന്ന ചിത്രം വരച്ചുകാട്ടുന്നതെന്ന് അണിയറ പ്രവർത്തകർ. അമ്മ ഹീരാബെൻ മോദിയുമായുള്ള മോദിയുടെ ബന്ധവും ചിത്രത്തിൽ പ്രതിപാദിക്കും.
സി.എച്ച് ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ ചില സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നു. 'ബാഹുബലി', 'ഈഗ' എന്നിവയിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ക്യാമറ കൈകാര്യം ചെയ്യും. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും. കിംഗ് സോളമൻ ആക്ഷൻ കൊറിയോഗ്രാഫിയും 'കെ.ജി.എഫ്', 'സലാർ' എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് പേരുകേട്ട രവി ബസ്രൂർ സംഗീതവും നൽകും.