< Back
Movies
നൂറാം ചിത്രവുമായി സൈജു കുറുപ്പ്; ഉപചാരപൂർവ്വം ഗുണ്ടജയൻ ട്രെയിലർ
Movies

നൂറാം ചിത്രവുമായി സൈജു കുറുപ്പ്; 'ഉപചാരപൂർവ്വം ഗുണ്ടജയൻ' ട്രെയിലർ

Web Desk
|
19 Feb 2022 8:31 PM IST

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് നിർമിക്കുന്നത്

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. മുഴുനീള കോമഡി എന്റർടെയ്നറാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൈജു കുറുപ്പിന്‍റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണത്തോടെയാണ് 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' പ്രേക്ഷകരിലെത്തുന്നത്.

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് നിര്‍മിക്കുന്നത്. കുറുപ്പിന്‍റെ വിജയത്തിനുശേഷം ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉപചാരപൂര്‍വ്വം ഗുണ്ടജയനുണ്ട്.

സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എൽദോ ഐസകാണ് ഛായാഗ്രാഹകന്‍. കിരൺ ദാസ് എഡിറ്റിംഗും ബിജിപാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിനു വേണ്ടി നാടൻ പാട്ട് കലാകാരനായ ജയദാസ് ഈണം പകര്‍ന്ന് ശബരീഷ് വര്‍മ പാടിയ ഉണ്ടക്കണ്ണൻ എന്നുതുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫെബ്രുവരി 25നാകും ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ തിയേറ്ററുകളിലെത്തുക.

Similar Posts