< Back
Movies
ഖത്തർ ലോകകപ്പിന്റെ കഥ: റിട്ടൺ ഓൺ ദി സ്റ്റാർസ് ചലച്ചിത്രം പുറത്തിറക്കി ഫിഫ
Movies

ഖത്തർ ലോകകപ്പിന്റെ കഥ: 'റിട്ടൺ ഓൺ ദി സ്റ്റാർസ്' ചലച്ചിത്രം പുറത്തിറക്കി ഫിഫ

Web Desk
|
25 March 2023 12:05 PM IST

അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന നാടകീയമായ ഫൈനലിന്റെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ.

അർജന്റീന വിജയകിരീടം ചൂടിയ 2022 ഖത്തർ ലോകകപ്പിന്റെ കഥ പറയുന്ന ചലച്ചിത്രം Written in the Stars പുറത്തിറക്കി ഫിഫ. ലോകകപ്പിലെ നിർണായക നിമിഷങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ 34 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ഫിഫ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് റിലീസ് ചെയ്തത്. സൗജന്യമായി രജിസ്റ്റർ ചെയ്ത് ചിത്രം കാണാം.

ഖത്തറിന്റെ ലോകകപ്പിനുള്ള ഒരുക്കം മുതൽ അർജന്റീനയുടെ കിരീടവിജയം വരെ ലോകകപ്പിൽ സംഭവിച്ച നിർണായക മുഹൂർത്തങ്ങളാണ് 'റിട്ടൺ ഓൺ ദി സ്റ്റാർസി'ൽ വിവരിക്കുന്നത്. ജപ്പാൻ, മൊറോക്കോ തുടങ്ങിയ ചെറിയ ടീമുകളുടെ മുന്നേറ്റവും ജർമനി അടക്കമുള്ള വൻകിടക്കാരുടെ വീഴ്ചയും പറഞ്ഞു തുടങ്ങുന്ന ചിത്രം, ലോകകപ്പിനിടെ ടെലിവിഷനിൽ പ്രേക്ഷകർ കാണാത്ത ആംഗിളിൽ നിന്നുള്ള കളി ദൃശ്യങ്ങളും പിന്നണിയിലെ കാഴ്ചകളുമാണ് അവതരിപ്പിക്കുന്നത്.

വെൽഷ് നടൻ മൈക്കൽ ഷീനിന്റെ നാടകീയമായ വിവരണ 'റിട്ടൺ ഓൺ ദി സ്റ്റാർസി'നെ മികച്ചൊരു ദൃശ്യ, ശ്രാവ്യാനുഭവമാക്കുന്നു. ഇംഗ്ലീഷിനു പുറമെ അറബി, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ഇന്തൊനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലുള്ള സബ് ടൈറ്റിലുകളും ലഭ്യമാണ്.

അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന നാടകീയമായ ഫൈനലിന്റെ വിവരണമാണ് അവസാന 15 മിനുട്ടുകളിൽ. പ്രായത്തെ അതിജയിച്ച മെസിയുടെ മാന്ത്രികത പരാമർശിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം.

'റിട്ടൺ ഓൺ ദി സ്റ്റാർസ്' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Similar Posts