
'ഭാര്യയ്ക്ക് 33 വയസായാൽ അപ്പോൾ വേർപിരിയും;' ടോം ക്രൂസിന്റെ ദാമ്പത്യജീവിതം ചർച്ചയാക്കി നെറ്റിസൺസ്
|സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലാണ് യാദൃശ്ചികമെങ്കിലും കൗതുകമുണർത്തുന്ന, ഹോളിവുഡ് നടന്റെ ദാമ്പത്യ ജീവിതത്തിലെ സാമ്യത നെറ്റിസൺസ് കണ്ടുപിടിച്ചത്..
ഹോളിവുഡ് താരം ടോം ക്രൂസിനെ അറിയില്ലേ? ദി ഹോളിവുഡ് ഐക്കൺ സെക്‌സ് സിംബൽ അങ്ങനെ നിരവധി വിളിപ്പേരുകളുണ്ട് ടോം ക്രൂസിന്. . കിടിലം ആക്ഷൻ രംഗങ്ങൾ കൊണ്ട് നമ്മളെയെല്ലാം പിടിച്ചിരുത്തിയ നല്ല A CLASS ആക്ഷൻ ഹീറോ- ഒരേയൊരു ടോം ക്രൂസ്.
സിനിമകളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ, വിമാനത്തിൽ തൂങ്ങിക്കിടന്നും കൂറ്റൻ പാറകൾക്ക് മുകളിൽനിന്ന് ബൈക്ക് ജമ്പ് ചെയ്യിപ്പിച്ചും ഏതൊരു സിനിമാപ്രേമിയെയും ത്രസിപ്പിച്ച താരം. ടോം ക്രൂസിന്റെ ആക്ഷൻ സിനിമകളെ പോലെ തന്നെ സിനിമ ആരാധകർ ചർച്ച ചെയ്ത മറ്റൊരു കാര്യമാണ് അദ്ദേഹത്തിന്റെ പ്രണയ ബന്ധങ്ങളും ദാമ്പത്യ ജീവിതവും.
അടുത്തിടെയാണ് 63 കാരനായ ടോം ക്രൂയിസും ക്യൂബൻ സ്പാനിഷ് നടിയുമായ 37 കാരി അന ഡി അർമാസും തമ്മിലെ പ്രണയമാണോ? അല്ലെ എന്നൊക്കെയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത് അതിന്റെ സമീപകാല ഉദാഹരണമാണ്. അവർ ഒരുമിച്ചുള്ള ഫോട്ടോകൾ എല്ലാം വമ്പൻ വൈറലുമായിരുന്നു. ഇപ്പോൾ കേൾക്കുന്നു അവർ വേർപിരിഞ്ഞെന്ന്. പക്ഷെ നമ്മളിന്ന് സംസാരിക്കുന്നത് അതേകുറിച്ചല്ല, മറ്റൊരു കാര്യത്തെ പറ്റിയാണ്. പിന്നെന്തിനാണ് ഈ കാര്യമൊക്കെ പറയുന്നത് എന്നാണെങ്കിൽ കാര്യമുണ്ട്. കാരണം, ഈ പ്രണയബന്ധവും വേർപിയറിയലുമൊക്കെ ചർച്ചയാകുന്നതിന് ഇടയിലാണ്, സാമൂഹ്യമാധ്യമങ്ങളിലെ ചില മിടുക്കന്മാർ ടോം ക്രൂസിന്റെ ദാമ്പത്യ ജീവിതത്തിലെ ഒരു അപൂർവ സാമ്യത കണ്ടെത്തുന്നത്.
1987 ലാണ് ടോം ക്രൂസ് ആദ്യമായി വിവാഹം കഴിക്കുന്നത്. നടി മിമി റോജേഴ്‌സായിരുന്നു വധു. പക്ഷെ വെറും രണ്ടുവർഷം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. 1989ൽ വ്യക്തിപരമായും 1990ൽ ഔദ്യോഗികമായും ഇരുവരും വേർപിരിഞ്ഞു. അന്ന് ടോം ക്രൂസിന് പ്രായം, 28 വയസായിരുന്നു. മിമിക്ക് 33 ഉം.
ആ വർഷം തന്നെയാണ് നടി നികോൾ കിഡ്മാനെ ടോം പരിചയപ്പെടുന്നത്. 'ഡേയ്‌സ് ഓഫ് തണ്ടർ' എന്ന സിനിമയുടെ കാസ്റ്റിങ്ങിനിടെയായിരുന്നു കണ്ടുമുട്ടൽ. ഇരുവരും പ്രണയത്തിലായി, വിവാഹവും കഴിച്ചു. ഇരുവരും രണ്ടുകുട്ടികളെ ദത്തെടുക്കുകയും ചെയ്തു. എന്നാൽ ആ ബന്ധം 11 വർഷം മാത്രമേ നീണ്ടുനിന്നുള്ളു. പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിഞ്ഞു. ഡിവോഴ്സ് നടപടികൾ പുരോഗമിക്കുമ്പോൾ, 1967ൽജനിച്ച നിക്കോൾ കിഡ്മാന്റെ പ്രായം 33.
പിന്നാലെ നടി പെനിലോപ്പ്, സൊഫീയ വേഗര എന്നിവരുമായൊക്കെ ടോം ക്രൂസ് പ്രണയത്തിലായി. പക്ഷെ അതൊന്നും നിലനിന്നില്ല.പിന്നീട് 2006 ലാണ് ക്രൂസ് തന്റെ ജീവിതത്തിലെ മൂന്നാമത്തെ വിവാഹം കഴിക്കുന്നത്. കാറ്റി ഹോംസ് ആയിരുന്നു വധു. ആരാധകർ ആഘോഷിച്ച പ്രണയബന്ധവും വിവാഹവുമായിരുന്നു ഇരുവരുടെയും. ഇരുവരെയും ടോംകാറ്റ് എന്നായിരുന്നു ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്നത്. കമിതാക്കളുടെ ബക്കറ്റ് ലിസ്റ്റിലെ ടോപ് പ്രയോരിറ്റിയായ ഐഫൽ ടവറിന് മുന്നിൽ വച്ചായിരുന്നു ടോംകാറ്റിന്റെ കല്യാണം നടന്നത്. എന്നാൽ അതും ആറുവര്ഷമേ നിലനിന്നുള്ളു... വെറും 11 ദിവസം നീണ്ടുനിന്ന നിയമവ്യവഹാരത്തിനൊടുവിൽ കാറ്റിയും ടോമും വേർപിരിഞ്ഞു... കാറ്റിയായിരുന്നു ആ വിവാഹമോചനത്തിന് മുൻകൈ എടുത്തത് എന്നായിരുന്നു റിപോർട്ടുകൾ പുറത്തുവന്നത്... അന്ന് കാറ്റിയുടെയും പ്രായം 33 ആയിരുന്നു.
ഇനിയിപ്പോൾ എന്താണ് ഞാൻ പറയാൻ വന്നതെന്ന് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലലോ? അതായത് വിവാഹ മോചനത്തിന്റെ സമയത്ത് ഈ മൂന്ന് ഭാര്യമാർക്കും 33 വയസ്സായിരുന്നു പ്രായം. സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലാണ് യാദൃശ്ചികമെങ്കിലും കൗതുകമുണർത്തുന്ന ടോം ക്രൂസിന്റെ ദാമ്പത്യ ജീവിതത്തിലെ സാമ്യത നെറ്റിസൺസ് കണ്ടുപിടിച്ചത്. ഒരുതരം മതവിശ്വാസമായ സൈന്റോളോജിയാണ് ഇതിനു പിന്നിലെന്നാണ് ചിലരൊക്കെ അഭിപ്രായപ്പെടുന്നത്. എൽ. റോൺ ഹബ്ബാർഡ് 1950-കളിൽ സ്ഥാപിച്ച ഒരു ആധുനിക മതമാണ് സൈന്റോളോജി.
എന്തുതന്നെയായാലും ടോം ക്രൂസിന്റെ ദാമ്പത്യ ജീവിതം സമൂഹമാധ്യമത്തിൽ ഇപ്പോൾ വലിയ ചർച്ചയാണ്. 33 വയസ്സാവുമ്പോൾ എല്ലാ ഭാര്യമാരെയും വേർപിരിയുന്ന നടൻ അങ്ങനെയാണ് ടോം ക്രൂസിന്റെ സൈബറിടങ്ങളിലെ പുതിയ വിശേഷണം.