< Back
Entertainment
ട്രാഫിക് നിയമ ലംഘനം; നടൻ നാഗചൈതന്യക്ക് പിഴ
Entertainment

ട്രാഫിക് നിയമ ലംഘനം; നടൻ നാഗചൈതന്യക്ക് പിഴ

Web Desk
|
12 April 2022 3:48 PM IST

ഹൈദരാബാദ് പൊലീസാണ് പിഴ ഈടാക്കിയത്

ട്രാഫിക് നിയമം ലംഘിച്ച തെലുങ്ക് നടൻ നാഗചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് പൊലീസ്. കാറിൽ കറുത്ത ഷീൽഡ് ഉപയോഗിച്ചതിനാണ് പൊലീസ് നാഗചൈതന്യയിൽ നിന്ന് പിഴ ഈടാക്കിയത്. 700 രൂപയാണ് പിഴയായി നൽകിയത്. പിഴ അടച്ചതിനെ തുടർന്ന് നാഗ ചൈതന്യയുടെ ടൊയോട്ട വെൽഫയറിലെ കറുത്ത ഷീൽഡുകളും പൊലീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

സംവിധായകൻ വെങ്കട്ട് പ്രഭുവിന്റെ സിനിമയിലാണ് നാഗചൈതന്യ ഇനി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ തിരക്കിലാണ് താരം.ഇതിനിടയിലാണ് ട്രാഫിക് നിയമലംഘനം നടത്തിയത്.

ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് നേരത്തെ ജൂനിയർ എൻടിആർ, അല്ലു അർജുൻ, മഞ്ചു മനോജ്, ത്രിവിക്രം ശ്രീനിവാസ്, നന്ദമുരി കല്യാണ് റാം എന്നിവരുൾപ്പെടെയുള്ള നടന്മാർക്ക് ഹൈദരാബാദ് പൊലീസ് പിഴ ചുമത്തിയിരുന്നു. വാഹനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ടിന്റഡ് ഗ്ലാസ്, സൺ ഫിലിം എന്നിവ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്.

അച്ഛൻ നാഗാർജുനയുടെ 'ബംഗാർരാജുവിലാണ്' നാഗ ചൈതന്യ അവസാനമായി അഭിനയിച്ചത്. ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ'യാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ള സിനിമ. ആമിർ ഖാൻ നായകനായ ചിത്രം ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിന് പുറമെ വിക്രം കുമാറിന്റെ 'താങ്ക്യൂ', സംവിധായിക നന്ദിനി റെഡ്ഡിയുമൊത്തുള്ള ഒരു ചിത്രത്തിലും നാഗചൈതന്യ വേഷമിടുന്നുണ്ട്.

Similar Posts